കോഴിക്കോട്: ‘വോട്ടര്‍പട്ടികയില്‍ കൃത്രിമ’മാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ വാഹനത്തിന് നേരെ ആക്രമണം. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ യുവാവ് അടിച്ചു തകര്‍ത്തു. പ്രമോദ് എന്നയാളാണു പിടിയിലായത്. സിവില്‍സ്റ്റേഷനു മുന്നിലെ കാര്‍പോര്‍ച്ചില്‍ രാവിലെ പത്തരയോടെയാണു സംഭവം.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു.ഇയാളില്‍നിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയതായി പൊലീസും പറഞ്ഞു.
വൃത്തിയായി വസ്ത്രം ധരിച്ച ഒരാള്‍ നടന്നു കാറിന്റെ അടുത്തേയ്ക്ക് വരുകയും പെട്ടെന്ന് ‘കൃത്രിമം കാണിക്കുന്ന വോട്ടര്‍പട്ടികയാണ്. തിരഞ്ഞെടുപ്പില്‍ വിശ്വാസമില്ല. ബഹിഷ്‌കരിക്കണം’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കാര്‍ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുമുണ്ടില്‍ കല്ലു കെട്ടി കയ്യില്‍കരുതിയിരുന്നു. ഇതുകൊണ്ട് കാറില്‍ ആഞ്ഞടിച്ചു. മുന്നിലെ രണ്ട് ജനല്‍ച്ചില്ലുകളും തകര്‍ത്തു. അതിനു ശേഷം എഡിഎമ്മിന്റെ കാര്‍ ആക്രമിക്കാന്‍ തുനിയുന്നതിനിടെ ജീവനക്കാരും പൊലീസുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കുകയായിരുന്നു.
ഇയാളില്‍നിന്ന് ഏതാനും പുസ്തകങ്ങളും ലഘുലേഖയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ബൂത്തില്‍കയറി വോട്ടിങ് യന്ത്രം നശിപ്പിക്കാന്‍ ശ്രമിച്ചതിനും എലത്തൂരില്‍ റിലയന്‍സ് പെട്രോള്‍പമ്ബില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
Post Your Comments