Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

സാറ്റലൈറ്റുകളുടെ വെളിച്ചം ഭാവിയിലെ മനുഷ്യജീവിതത്തിന് വെല്ലുവിളികൾ ഉയർത്തിയേക്കാമെന്ന് പഠനം.

ഓരോ മാസവും നിരവധി സാറ്റലൈറ്റുകളാണ് ഓരോ രാജ്യങ്ങളിൽ നിന്നും വിക്ഷേപിക്കുന്നത്. ഇതെല്ലാം ഭാവിയില്‍ ഭൂമിയിലുള്ളവര്‍ക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രി ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചം പ്രകൃതിദത്ത പ്രകാശ നിരക്കിനേക്കാള്‍ 10 ശതമാനത്തിലധികം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. മന്ത്ലി നോട്ടീസസ്‌ ഓഫ് ദി റോയല്‍ ആസ്ട്രൊനൊമിക്കല്‍ സൊസൈറ്റി : ലെറ്റേഴ്സ്, എന്ന മാഗസിനിലാണ് ഇത്തരം ഒരു മുന്നറിയിപ്പ് ഉള്ളത്. ഭൂമിയുടെ ഭ്രമണപഥത്തിലെ ബഹിരാകാശ വസ്തുക്കള്‍ പോലുള്ള ബാഹ്യ സ്രോതസ്സുകളില്‍ നിന്നുള്ള രാത്രി ആകാശത്തിന്റെ വെളിച്ചം കണക്കാക്കലായിരുന്നു ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്ലോവാക്യയിലെ കൊമേനിയസ് സര്‍വകലാശാലയിലെ മിറോസ്ലോവ് കോസിഫാജ് പറഞ്ഞു.

Also Read:നാൽപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്കും കോവിഡ് വാക്‌സിൻ നൽകേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രാലയം

അമേരിക്കന്‍ കമ്ബനി സ്പേസ് എക്സിന്റെ ബഹിരാകാശ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കിന് വേണ്ടി ഓരോ മാസവും നിരവധി ഉപഗ്രഹങ്ങളാണ്‌ വിക്ഷേപിച്ചത്. ഇതിന് പുറമെ വണ്‍ വെബ് പോലെയുള്ള മറ്റു കമ്ബനികളും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാറ്റലൈറ്റ് വിക്ഷേപിക്കുന്നുണ്ട്. 12,000 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച്‌ ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഇലോണ്‍ മസ്കിന്റെ പദ്ധതി. എന്നാല്‍ ഇങ്ങനെ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നത് വാന നിരീക്ഷണത്തെ പോലും ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാനാവുന്ന ഉയരത്തിലാണ് സ്പേസ് എക്സിന്റെ സാറ്റലൈറ്റുകളുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ആകാശത്ത് വിചിത്ര വെളിച്ചങ്ങള്‍ കുതിക്കുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. ഇതെല്ലം സാറ്റലൈറ്റുകളാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ ലിങ്കിന്റെ സാറ്റലൈറ്റുകള്‍ പ്രതീക്ഷിച്ചതിലും തിളക്കമുള്ളതാണെങ്കിലും ഇത് വാന നിരീക്ഷണത്തെ പോലും അലോസരപ്പെടുത്തുന്നു എന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഭൂമിയില്‍ നിന്നു ദൂരദര്‍ശനികളും മറ്റും ഉപയോഗിച്ച്‌ പ്രകാശ വര്‍ഷങ്ങള്‍ അകലെയുള്ള ഗ്രഹങ്ങളെയും നക്ഷത്ര സമൂഹങ്ങളെയും നിരീക്ഷിക്കുമ്ബോള്‍ ഈ സാറ്റലൈറ്റുകള്‍ കണ്ണിലെ കരടാകുന്നുവെന്നാണ് സസക്സ് സര്‍വകലാശാലയിലെ ഡാരന്‍ ബാസ്കില്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നത്. നിലവിലെ സാറ്റലൈറ്റുകള്‍ തന്നെ പലപ്പോഴും വാനനിരീക്ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ആധുനിക ദൂരദര്‍ശിനികള്‍ ഉപയോഗിച്ച്‌ നീണ്ടു നില്‍ക്കുന്ന എക്സ്പോഷാറിലാണ് വാനനിരീക്ഷകര്‍ പല ചിത്രങ്ങളും എടുക്കുന്നത്. മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ സമയമെടുത്താണ് ഈ ചിത്രമെടുപ്പ്. ഇതിനിടെ ചിത്രങ്ങളുടെ ഭാഗത്ത് സാറ്റലൈറ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ചിത്രത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാകും.

പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തെ നക്ഷത്ര സമൂഹങ്ങളുടെ വ്യക്തമായ ചിത്രങ്ങളില്‍ നിന്നും ഗ്രഹങ്ങളുടെ വാതകങ്ങളുടെ സാന്നിധ്യം വരെ പ്രപഞ്ച നിരീക്ഷകര്‍ക്ക് തിരിച്ചറിയാനാകും.
ചിത്രങ്ങളിലെ നിറങ്ങളുടെ സാന്നിധ്യം ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. തിളക്കമുള്ള സാറ്റലൈറ്റുകള്‍ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് അന്തിമഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നിലവില്‍ ആറായിരത്തില്‍ കൂടുതല്‍ മനുഷ്യ നിര്‍മിത ഉപഗ്രഹങ്ങള്‍ ഭൂമിയെ വലംവെക്കുന്നുണ്ട്. ഇതില്‍ മൂവായിരത്തോളം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയെല്ലാം ബഹിരാകാശ മാലിന്യത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് പദ്ധതിയിലൂടെ 12,000 സാറ്റലൈറ്റുകളാണ് ആകാശത്തെത്തുക. ഇത് ബഹിരാകാശ മാലിന്യം വര്‍ധിപ്പിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button