ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കർണൻ. മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ മാരി സെൽവരാജ് ധനുഷിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷെന്ന് മാരി സെൽവരാജ് പറയുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ നടത്തിയ പത്രസമ്മേളനത്തിനിടെയിലാണ് മാരി സെൽവരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
”തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണ്. തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷ്” മാരി സെൽവരാജ് പറഞ്ഞു.
ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കർണൻ ഒരുക്കിയിരിക്കുന്നത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം.
Post Your Comments