ന്യൂഡൽഹി: രാജ്യത്ത് ഗുരുതര സാഹചര്യമെന്ന് കേന്ദ്ര സർക്കാർ. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാനവും അലംഭാവം കാണിക്കരുത്. എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ മോശമാകാനുള്ള സാധ്യതകൾ നിലവിലുണ്ട്. രോഗവ്യാപനം തടയാനും ജീവൻ സംരക്ഷിക്കാനുമുള്ള നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.
Read Also : പോളിംഗ് ബൂത്തുകളില്‍ സ്വീകരിക്കേണ്ട കര്‍ശന മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
വൈറസ് ഇപ്പോഴും സജീവമാണെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡിനെ നിയന്ത്രിക്കാനായെന്ന് വിചാരിച്ച് തുടങ്ങിയപ്പോൾ തന്നെ അവ വ്യാപിച്ച് തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിനൊപ്പം മറ്റ് നിർദേശങ്ങളും പാലിക്കപ്പെടണം. മരണനിരക്ക് കുറവാണെന്ന വിശ്വാസവും നിലവിൽ ഇല്ലാതായി. ഇപ്പോൾ മരണനിരക്ക് 73ൽ നിന്ന് 271 ആയി ഉയർന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകൾ വർധിച്ചു. ഈ സാഹചര്യത്തിൽ ആശുപത്രികളും ഐസിയുകൾ സജ്ജമാക്കണം. പെട്ടെന്നുള്ള കൊവിഡ് വർധന താങ്ങാൻ സാധിച്ചേക്കില്ലെന്നും വികെ പോൾ പറഞ്ഞു.
കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യത്തെ 47 ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആർടി പിസിആർ പരിശോധനയുടെ എണ്ണം കൂട്ടണം. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലാണ് രോഗവ്യാപന തോത് കൂടുതൽ. മഹാരാഷ്ട്രയിൽ 8 ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്.
Post Your Comments