Latest NewsInternational

എവർ ഗ്രീൻ ചരക്കു കപ്പലിന്റെ മോചനം, ഇന്ത്യന്‍ ജീവനക്കാര്‍ക്ക്‌ അഭിനന്ദനം

അതേസമയം, കനാലിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയതിന്റെ പേരില്‍ എവര്‍ ഗ്രീൻ ജീവനക്കാര്‍ക്കെതിരേ സൂയസ്‌ കനാല്‍ അതോറിറ്റി അധികൃതര്‍ നിയമനടപടിക്കു മുതിര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്‌.

ന്യൂഡല്‍ഹി: സൂയസ്‌ കനാലില്‍ ഉറച്ചുപോയ ചരക്കുകപ്പല്‍ എവര്‍ ഗ്രീനെ നീക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ ജീവനക്കാര്‍ക്ക്‌ നന്ദി പറഞ്ഞു കപ്പല്‍ അധികൃതര്‍. 25 ഇന്ത്യക്കാരാണു കപ്പലിലുള്ളത്‌. കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ പൂര്‍ണമായി സഹകരിച്ചെന്നും അവരുടെ കഠിനാധ്വാനവും പ്രഫഷണലിസവും അഭിനന്ദനീയമാണെന്നും ബെര്‍ണാഡ്‌ ഷട്ടില്‍ ഷിപ്പ്‌മാനേജ്‌മെന്റ്‌ (ബി.എസ്‌.എം) പ്രസ്‌താവനയില്‍ അറിയിച്ചു. കപ്പലിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു ജര്‍മന്‍ കമ്പനിയായ ബി.എസ്‌.എമ്മാണ്‌.

സൂയസ്‌ കനാല്‍ അതോറിറ്റി അടക്കം ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും കമ്പനി നന്ദി പറഞ്ഞു. നെതര്‍ലന്‍ഡ്‌സിലേക്കു പോകുംവഴി മാര്‍ച്ച്‌ 23 നാണ്‌ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എവര്‍ ഗ്രീൻ സൂയസ്‌ കനാലിനു കുറുകെ ഉറച്ചുപോയത്‌. ശക്‌തമായ കാറ്റാണു സംഭവത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച വൈകിട്ട്‌ ആറരയ്‌ക്കു ശേഷമാണ്‌ കപ്പലിനെ വലിച്ചുമാറ്റാന്‍ കഴിഞ്ഞത്‌. വിശദമായ പരിശോധനയ്‌ക്കായി കപ്പലിനെ ഈജിപ്‌തിലെ ഗ്രേറ്റ്‌ ബിറ്റര്‍ ലേക്കിലേക്കു കൊണ്ടുപോകുകയാണ്‌.

പ്രതികൂല കാലാവസ്‌ഥയാണു കപ്പല്‍ കുടുങ്ങാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ മാനുഷിക പിഴവ്‌ അടക്കമുള്ളവയുടെ സാധ്യത സംബന്ധിച്ചും അന്വേഷണമുണ്ടാകും.  അതേസമയം, കനാലിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയതിന്റെ പേരില്‍ എവര്‍ ഗ്രീൻ ജീവനക്കാര്‍ക്കെതിരേ സൂയസ്‌ കനാല്‍ അതോറിറ്റി അധികൃതര്‍ നിയമനടപടിക്കു മുതിര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്‌.

അത്തരമൊരു സാഹചര്യമുണ്ടാകുന്നപക്ഷം ക്യാപ്‌റ്റനും ചില മുതിര്‍ന്ന ജീവനക്കാരും നടപടിനിഴലിലായേക്കാമെന്നാണ്‌ സൂചന. അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കു യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനും വീട്ടുതടങ്കലിലാക്കാനും സാധ്യതയുണ്ടെന്നാണു കരുതുന്നത്‌.

 

shortlink

Related Articles

Post Your Comments


Back to top button