കൊച്ചി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ഏപ്രിൽ എട്ടിന് ഹാജരാകാനാണ് നിർദ്ദേശം. കേസിൽ നേരത്തേയും സ്പീക്കർക്ക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി സ്പീക്കർ ഒഴിഞ്ഞു മാറുകയായിരുന്നു.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്. ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച സ്പീക്കർക്കെതിരായ സ്വപ്‌നയുടെ മൊഴിയിലെ വിവരങ്ങൾ അടക്കം ചോദ്യം ചെയ്യലിൽ ചർച്ചയായേക്കുമെന്നാണ് സൂചന.
അതിനിടെ ഡോളർ കടത്തുകേസിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോൺ സംബന്ധിച്ച കാര്യത്തിൽ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐഫോൺ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്ന് തവണ നിർദ്ദേശിച്ചിട്ടും വിനോദിനി ഹാജരായിരുന്നില്ല. തുടർന്നാണ് ഇക്കാര്യത്തിൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് സംഘം നിയമോപദേശം തേടിയത്.
Post Your Comments