കൊച്ചി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം. സ്വകാര്യ ചാനലുകളുടെ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ ബി.ജെ.പി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്നാണ് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.
യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമം മണ്ഡലത്തില്‍ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് മത്സരമെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.
വട്ടിയൂര്‍ക്കാവില്‍ ഒന്നാം സ്ഥാനത്ത് എല്‍.ഡി.എഫും, രണ്ടാം സ്ഥാനത്ത് ബി.ജെ.പിയുടെ വി.വി.രാജേഷുമാണ്. എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.
എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും മൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫും ജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. എന്‍.ഡി.എ ഒരു മണ്ഡലം പിടിക്കുമെന്നും സര്‍വേയില്‍ പറയുന്നു.
സംസ്ഥാനത്ത് എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച മനോരമ ന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേയിലും എന്‍.ഡി.എ 3 സീറ്റ് വരെ നേടുമെന്ന് വിലയിരുത്തിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ട്വന്റിഫോര്‍ പ്രീ പോള്‍ സര്‍വേ പറയുന്നു. പത്മജ വേണുഗോപാല്‍ ആണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിനിമ താരവും രാജ്യസഭ എം.പിയും ആയ സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
സര്‍വേ പ്രകാരം, രണ്ടാം സ്ഥാനത്തുള്ള സുരേഷ് ഗോപിയും ഒന്നാം സ്ഥാനത്തുള്ള പത്മജ വേണുഗോപാലും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു.
സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതോടെ മൂന്ന് മുന്നണികളും പ്രചാരണം അതിശക്തമാക്കിയിരിക്കുകയാണ്. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
Post Your Comments