തിരുവനന്തപുരം: ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലിറ്റില്‍ കൈറ്റ്സ് അംഗത്വം നേടാനുള്ള അപേക്ഷ മാര്‍ച്ച് 31നകം നല്‍കണം. അപേക്ഷകര്‍ മെയ് ആദ്യവാരം സോഫ്റ്റ് വെയര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ എഴുതണം. അഭിരുചി പരീക്ഷയില്‍ നാല്‍പത് ശതമാനത്തിലധികം മാര്‍ക്ക് നേടുന്നവരില്‍ നിന്നും മികച്ച നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്.
അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളിലെ ഐസിടി പാഠപുസ്തകം, എട്ടാം ക്ലാസിലെ ഫസ്റ്റ്ബെല്‍ ഐസിടി ക്ലാസുകള്‍, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ്, റീസണിംഗ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അഭിരുചി പരീക്ഷ. പരീക്ഷയ്ക്കുള്ള പരിശീലനം ഇന്ന് മുതല്‍ മൂന്ന് എപ്പിസോഡുകളായി ഫസ്റ്റ്ബെല്‍ എട്ടാം ക്ലാസില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
അനിമേഷന്‍, പ്രോഗ്രാമിംഗ്, മൊബൈല്‍ ആപ് നിര്‍മാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്ബ്യൂട്ടിംഗ്, ഹാര്‍ഡ്വെയര്‍, ഇലക്‌ട്രോണിക്സ്, ഐ.ഒ.ടി, റോബോട്ടിക്സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നുണ്ട്. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങളില്‍ ‘എ ഗ്രേഡ്’ ലഭിക്കുന്ന കുട്ടികള്‍ക്ക് 2020 മാര്‍ച്ച് മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നുണ്ട്.
Post Your Comments