കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതിയിലൂടെ രാജ്യത്തെ നാല് കോടി വീടുകൾക്ക് കുടിവെള്ള പൈപ്പ് കണക്ഷൻ നൽകിയതായി ജൽ ശക്തി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്താകമാനം 7.24 കോടി ഗ്രാമീണ കുടുംബങ്ങൾക്കാണ് പൈപ്പിലൂടെ വെള്ളം ലഭിക്കുന്നത്. 100 ശതമാനം പൈപ്പ് കണക്ഷൻ നൽകിക്കൊണ്ട് ഗോവ മുന്നിൽ നിൽക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ എല്ലാ വീടുകളിലും 2024 ഓടെ കുടിവെള്ളത്തിനായി പൈപ്പ് കണക്ഷൻ എത്തിച്ചുനൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് രാജ്യം നാല് കോടി പൈപ്പ് വാട്ടർ കണക്ഷൻ എന്ന നാഴികക്കല്ലിൽ എത്തിനിൽക്കുകയാണ്. കുടിവെള്ള പൈപ്പ് കണക്ഷൻ നൽകിയ എണ്ണത്തിൽ ഗോവയ്ക്ക് പിന്നാലെ തെലങ്കാനയും ആൻഡമാൻ നിക്കോബർ ദ്വീപുകളുമാണ്.
രാജ്യത്തെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ വെള്ളത്തിൽ നിന്നും പകരുന്ന രോഗങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ സ്‌കൂളുകളിലും അങ്കണവാടികളിലും ശുദ്ധജലം വിതരണ ചെയ്യാനായി ക്യാമ്പെയിനുകളും ആരംഭിച്ചിരുന്നു.
Post Your Comments