കുമരകം; താറാവിൻ കൂട്ടത്തെ കാണാൻ പോയ രണ്ടര വയസ്സുകാരൻ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണുമരിച്ചു. ചെങ്ങളം വായനശാല നാൽപ്പാറ പ്രശാന്ത് – കാർത്തിക ദമ്പതികളുടെ മകൻ ആരുഷാണ് ദാരുണമായി മരിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 11.30ന് കേളക്കേരിയിൽ ഭാഗത്താണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. കോലപ്പനാടി അഭിലാഷിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് പ്രശാന്തും കുടുംബവും. വീടിനു പിന്നിലെ മാടപ്പള്ളിക്കാട് – കേളക്കേരി പാടശേഖരത്തിലെ വെള്ളക്കെട്ടിലാണ് ആരുഷ് വീണത്. അമ്മ കാർത്തികയും 4 വയസ്സുകാരി സഹോദരി അനാമികയും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ പ്രശാന്ത് ജോലിക്കു പോയിരുന്നു. കൃഷി കഴിഞ്ഞ പാടത്ത് 3 ദിവസം മുൻപാണു വെള്ളം കയറ്റിയത്. രണ്ടര അടി വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാടത്ത് താറാവിൻ കൂട്ടം വന്നതു കണ്ട് ആരുഷ് അവിടേക്കു പോവുകയുണ്ടായി.
കുട്ടിയെ കാണാതെ വന്നതോടെ സഹോദരി അനാമിക സമീപത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അനാമിക പാടശേഖരത്തിനു സമീപം എത്തിയപ്പോൾ ആരുഷിന്റെ ഉടുപ്പ് വെള്ളത്തിനു മീതെ കണ്ടതിനെ തുടർന്നു വീട്ടിൽ വന്ന് അമ്മയോടു വിവരം പറയുകയുണ്ടായി. അമ്മയും സമീപവാസികളായ മായയും അനഘയും ഓടിയെത്തി ആരുഷിനെ പാടത്തെ വെള്ളക്കെട്ടിൽ നിന്ന് എടുത്തെങ്കിലും മരിച്ചിരുന്നു.ആരുഷിന്റെ സംസ്കാരം ഇന്ന് ഒന്നിന് നടന്നു.
Post Your Comments