തിരുവനന്തപുരം : എല്‍.ഡി.എഫിന് തുടര്‍ ഭരണമാണെന്ന് ഏത് സര്‍വേ പ്രവചിച്ചാലും വിശ്വാസികളെ ചവിട്ടി മെതിച്ച സര്‍ക്കാരിന് ജനം വോട്ട് ചെയ്യില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍. പാറശാലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്‍സജിത റസിലിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ ഭക്തരുടെയും മക്കളുടെയും കണ്ണീര്‍ സന്നിധാനത്തും നാടെങ്ങും വീണിട്ടുണ്ടെങ്കില്‍ അതിന് ജനം മറുപടി നല്‍കും. യുവജനങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ പോലും മനസു കാണിക്കാതെ ആട്ടി പായിച്ച സര്‍ക്കാരിന് എന്ത് അടിസ്ഥാനത്തിലാണ് തുടര്‍ ഭരണം ലഭിക്കുന്നത്. പഠിച്ച് പാസായി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലിയ്ക്ക് വേണ്ടി ചെറുപ്പക്കാര്‍ മുട്ടില്‍ ഇഴഞ്ഞിട്ടും കണ്ണു തുറക്കാത്ത പിണറായി വിജയനും കൂട്ടരും മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ യുവജനങ്ങളുടെ ശക്തി തിരിച്ചറിയും.
ജനത്തിന് വേണ്ടാത്ത സര്‍ക്കാര്‍ എങ്ങനെ അധികാരത്തിലെത്തും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് വ്യാജ സര്‍വേകള്‍ പടച്ചു വിടുകയാണ്. തലസ്ഥാനത്തിന് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച മെട്രോയും വിഴിഞ്ഞം തുറമുഖ പദ്ധതിയും യഥാര്‍ത്ഥ്യമാകാത്തത് ഇടതു സര്‍ക്കാരിന്റെ പിടിപ്പു കേടിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments