വയനാട്: കോണ്‍ഗ്രസിൽ നിന്നും രാജിവയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി കെ സി റോസക്കുട്ടി ടീച്ചര്‍. പാർട്ടിയുടെ ഇന്നത്തെ അവസ്ഥയാണ് തന്നെ അതിനു പ്രേരിപ്പിച്ചതെന്ന് കെ സി റോസക്കുട്ടി പറഞ്ഞു.
വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും പരാജയപ്പെട്ടു. കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം പ്രകടമാണ്. എല്ലാ മേഖലയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുളള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും റോസക്കുട്ടി പറഞ്ഞു.
”കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടുകാരനായ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ഉണ്ടായതല്ല. നിരന്തരമായി വയനാട്ടുകാരെ അവഗണിക്കുന്ന അവസ്ഥയാണുളളത്. വയനാട്ടുകാരുടെ നേരെ എന്ത് നിലപാട് സ്വീകരിച്ചാലും അവര്‍ പ്രതികരിക്കില്ല എന്നൊരു ധാരണ പൊതുവെയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഇതാണ് കണ്ടത്. വയനാടുമായി ഒരു ബന്ധവുമില്ലാത്തവരെ സ്ഥാനാര്‍ത്ഥികളാക്കി വിജയിപ്പിക്കും. അവര്‍ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ല. കേവലം പ്രതീകാത്മക സമരങ്ങളും മറ്റും നടത്തി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കും. ഇതിനിയും കണ്ട് നില്‍ക്കുന്നതില്‍ അര്‍ത്ഥിമില്ലെന്ന് തോന്നിയെന്നും അതാണ് രാജിയിലേക്ക് നയിച്ചത്. സഹകരണ സ്ഥാപനങ്ങള്‍ എല്ലാം നഷ്‌ടപ്പെടുകയാണ്. ഇങ്ങനെ പോയാല്‍ വയനാട്ടില്‍ കോണ്‍ഗ്രസുണ്ടാകില്ല. കോണ്‍ഗ്രസും ബി ജെ പിയുമായുളള ബന്ധം ബത്തേരിയില്‍ ഉള്‍പ്പടെ പരസ്യമായത് ജനങ്ങള്‍ കണ്ടതാണ്.” റോസക്കുട്ടി വ്യക്തമാക്കി.
കെ പി സി സി വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്ത് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും കോണ്‍ഗ്രസ് നേതൃത്വം നടത്തിയില്ലെന്നും റോസക്കുട്ടി വിമർശിച്ചു.
Post Your Comments