Latest NewsNewsIndia

ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തു ; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി

വനത്തിലെ ഗാര്‍ഡുകളില്‍ ഒരാള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്

രാജസ്ഥാന്‍ : ഏലസ് നിര്‍മ്മിയ്ക്കാന്‍ കടുവയുടെ മീശ മുറിച്ചെടുത്തെന്ന് പരാതിയുമായി വനപാലകര്‍. രാജസ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതത്തിലെ അസുഖം ബാധിച്ച കടുവയുടെ മീശയാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം മുറിച്ചെടുത്തതായി പരാതി ഉയര്‍ന്നത്. കടുവകളുടെ നഖത്തിനും തോലിനും മീശയ്ക്കും എല്ലാം ആവശ്യക്കാരേറെയാണ്. ഇതുമൂലം അനധികൃതമായി കടുവകള്‍ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു വീഴ്ച ഉണ്ടായിരിക്കുന്നത്.

വനത്തിലെ ഗാര്‍ഡുകളില്‍ ഒരാള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നിലവില്‍ ചികിത്സയില്‍ ഇരിക്കുന്ന എസ് ടി -6 എന്ന് പേരുള്ള കടുവയുടെ മീശ ഉദ്യോഗസ്ഥര്‍ മുറിച്ചെടുത്തതായി മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അയച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജനുവരിയിലാണ് എസ് ടി -6നെ ചികിത്സയ്ക്കായി കൂടിനുള്ളിലേക്ക് മാറ്റിയത്. ചികിത്സ നല്‍കുന്നതിനു വേണ്ടി ജനുവരി പത്താം തീയതി കടുവയെ മരുന്നുകള്‍ നല്‍കി മയക്കിയിരുന്നു.

ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ആര്‍ എന്‍ മീന, ഫോറസ്റ്റ് റേഞ്ചറായ ജിതേന്ദ്ര ചൗധരി എന്നിവര്‍ കടുവയുടെ മീശ മുറിച്ചെടുക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വനപാലകന്റെ പരാതി. ഏലസ് നിര്‍മിക്കുന്നതിനായാണ് കടുവയുടെ മീശ മുറിച്ചെടുത്തതെന്നാണ് ആരോപണം. സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്യമായതോടെ മറ്റാരോടും വിവരം വെളിപ്പെടുത്തരുതെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വനപാലകന്റെ പരാതിയിലുണ്ട്. കടുവയെ പരിശോധിച്ചാല്‍ സംഭവം സത്യമാണെന്ന് തെളിയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button