ന്യൂയോര്‍ക്ക്: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതിനേക്കാള്‍ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോവിഡ് വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വ്യക്തമാക്കി.
വാക്‌സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകള്‍ നേരത്തെയും ഇന്ത്യ യു.എന്നില്‍ നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഒന്നിലധികം ഫലപ്രാപ്തിയുള്ള വാക്‌സിന്‍ കണ്ടെത്തിയതിനാല്‍ 2021 വര്‍ഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡു ജനറല്‍ അസംബ്ലിയില്‍ പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയും ഉണ്ടായിരുന്നു. സ്വന്തം രാജ്യത്തെ 500 മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചു. പ്രാദേശികമായി വികസിപ്പിച്ച കോവാക്‌സിന്‍ അടക്കം ഇന്ത്യയുടെ രണ്ട് വാക്‌സിനുകള്‍ക്ക് അംഗീകാരം ലഭിച്ചു. നിലവില്‍ 30 ഓളം വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്.
രാജ്യത്ത് നിര്‍മിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സിനുകളാണ് ഇന്ത്യ 76 രാജ്യങ്ങള്‍ക്ക് നല്‍കി സഹായിച്ചത്. 76 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ ആറു കോടി ഡോസ് മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്തത്. പാകിസ്ഥാനും ഇറാനും വരെ ഇന്ത്യന്‍ നിര്‍മിത വാക്സീനുകള്‍ നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കൊവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാനു കൈമാറുന്നത്. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ പാകിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
37 രാജ്യങ്ങള്‍ക്ക് 81 ലക്ഷത്തിലധികം ഡോസുകള്‍ സൗജന്യമായാണ് നല്‍കിയത്. ഒരു കോടി 65 ലക്ഷം ഡോസുകള്‍ 31 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കൊവാക്സ് പദ്ധതി വഴിയാണ് വിതരണം ചെയ്തത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെല്‍സ്, ബഹ്‌റൈന്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ‘വാക്സിന്‍ മൈത്രി’ വഴി സൗജന്യമായി ഇന്ത്യ വാക്സിനുകള്‍ നല്‍കിയത്. വാണിജ്യാടിസ്ഥാനത്തില്‍ 24 രാജ്യങ്ങളിലേക്ക് മൂന്നു കോടി 39 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകളും അയച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments