KeralaLatest NewsNews

കേരളം ആരു ഭരിയ്ക്കണം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനിക്കുന്നത് ബിജെപി ആയിരിക്കും : ഇ.ശ്രീധരന്‍

ഇത്തവണ ബിജെപി കേരളത്തില്‍ കാര്യമായ മുന്നേറ്റം തന്നെ നടത്തും

പാലക്കാട് : കേരളം ആരു ഭരിയ്ക്കണം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനിക്കുന്നത് ഒരു പക്ഷേ ബിജെപി ആയിരിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍. ബിബിസി ഹിന്ദിയിലെ സുബൈര്‍ അഹമ്മദിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ പ്രതികരണം. പ്രഗത്ഭനായ ഒരു പൊതുമരാമത്ത് വിദഗ്ദന്‍ എന്ന നിലയില്‍ നിര്‍മ്മാണ മേഖലയില്‍ തനിക്കുള്ള മികച്ച പ്രതിച്ഛായ ഈ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറും എന്നും ശ്രീധരന്‍ പറഞ്ഞു.

ഇത്തവണ ബിജെപി കേരളത്തില്‍ കാര്യമായ മുന്നേറ്റം തന്നെ നടത്തും. ഞാന്‍ കരുതുന്നത് ഏറ്റവും ചുരുങ്ങിയത് നാല്‍പതു സീറ്റെങ്കിലും എന്‍ഡിഎ നേടും എന്നു തന്നെയാണ്. ബിജെപി 75 സീറ്റു വരെ നേടാനുള്ള സാധ്യത പോലും നില നില്‍ക്കുന്നുണ്ട്. അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് ഒരു കിംഗ് മേക്കര്‍ ആകാനെങ്കിലും എന്‍ഡിഎയ്ക്ക് സാധിക്കും. കേരളം ആരു ഭരിയ്ക്കണം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനിക്കുന്നത് ഒരു പക്ഷേ ബിജെപി ആയിരിക്കുമെന്നും ശ്രീധരന്‍ ബിബിസി ഹിന്ദിയോട് പറഞ്ഞു.

പ്രചാരണത്തിന്റെ ഭാഗമായി ഓടി നടന്ന് റാലികളില്‍ പങ്കെടുക്കുകയാണ്. അത് ഒരിത്തിരി ക്ഷീണം ഉണ്ടാക്കുന്നതാണ് എങ്കിലും ഈ യാത്രകള്‍ ആസ്വദിക്കാനാണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ അതൊക്കെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് ചിലര്‍ കേന്ദ്രത്തെ കണ്ണുമടച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button