ഇസ്രയേലിലെ രഹസ്യ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പുറത്തായതായി സംശയം. ഇസ്രയേലിന്റെ നാഷണല്‍ എമര്‍ജന്‍സി പോര്‍ട്ടലിലാണ് രാജ്യത്തെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷനുകള്‍ വെളിപ്പെടുത്തിയത്. ഇസ്രയേലിലെ കോവിഡ്-19 ടെസ്റ്റിങ് സെന്ററുകളുടെ വിശദമായ മാപ്പിലാണ് സൈനിക താവളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നത്. ഹാരെറ്റ്‌സ് പത്രമാണ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷനുകള്‍ അബദ്ധത്തിലാണ് പുറത്തുവിട്ടതെങ്കിലും പെട്ടെന്ന് തന്നെ നീക്കം ചെയ്തു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ തന്നെ നിരവധി പേര്‍ സൈനിക താവളങ്ങളുടെ ലൊക്കേഷനുകള്‍ പകര്‍ത്തിരുന്നു. ചില മാധ്യമങ്ങള്‍ പുറത്തായ മാപ്പുകള്‍ ഉപയോഗിച്ച് വാര്‍ത്തയും പ്രസിദ്ധീകരിച്ചു. താവളങ്ങളും അവിടത്തെ പ്രതിരോധ സൗകര്യങ്ങളുടെ വിവരങ്ങളും കാണിക്കുക മാത്രമല്ല അവയുടെ വലുപ്പവും കൃത്യമായ അതിരുകളും രേഖപ്പെടുത്തിയിരുന്നു.
ഇസ്രയേലിന്റെ ശത്രുക്കള്‍ രാജ്യത്തെയോ ഒരു പ്രത്യേക സൈനിക താവളത്തെയോ ആക്രമിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇസ്രയേല്‍ സാധാരണയായി വെളിപ്പടുത്താത്ത സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമസേന, മിലിട്ടറി ഇന്റലിജന്‍സ് താവളങ്ങള്‍ പോലും എവിടെയാണെന്ന് കൃത്യമായി മാപ്പില്‍ കാണിച്ചിരുന്നു.
മാപ്പില്‍ കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചിട്ടുമുണ്ട്.സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അബദ്ധവശാല്‍ പുറത്തായതാണെന്നും ഇതിനുശേഷം രഹസ്യ ഡേറ്റ ഓണ്‍ലൈന്‍ മാപ്പില്‍ നിന്ന് നീക്കം ചെയ്തതായും ഐഡിഎഫ് വക്താവ് ഹാരെറ്റ്സിനോട് പറഞ്ഞു. മാപ്പിലെ രഹസ്യ താവളങ്ങളുടെ മാപ്പിങ് സൈന്യം ചെയ്തതല്ല, മറിച്ച് സിവിലിയന്‍ വെബ്സൈറ്റിലെ നിലവിലുള്ള മാപ്പില്‍ നിന്ന് പകര്‍ത്തിയതാണെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments