ചെന്നൈ: ഒരു മിനി ഹെലികോപ്ടർ, ഓരോ വീട്ടിലേക്കും ഒരു കോടി രൂപ, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഒരു റോബോട്ട്, മൂന്ന് നില വീട്, ചന്ദ്രനിലേക്കുള്ള യാത്ര… കേൾക്കുമ്പോൾ അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. തമിഴ്നാട്ടിലെ ഒരു സ്ഥാനാർഥിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് ഇവയെല്ലാം.
മധുര സൗത്തിൽ നിന്ന് മത്സരിക്കുന്ന തുലാം ശരവൺ എന്ന സ്വതന്ത്ര സ്ഥാനാർഥിയുടേതാണ് ഈ വാഗ്ദാന പട്ടിക. ഓരോ കുടുംബത്തിനും ഒരു ബോട്ട്, ബോട്ട് സവാരി ചെയ്യുന്നതിനുള്ള ജലപാതകൾ, തന്റെ മണ്ഡലം തണുപ്പിക്കാൻ 300 അടി ഉയരമുള്ള കൃത്രിമ മഞ്ഞുപർവതം, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കല്യാണത്തിന് വേണ്ട എല്ലാവിധമായ ആഭരണങ്ങൾ എന്നിങ്ങനെ നീളുകയാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ. വോട്ടർമാരിൽ അവബോധം സൃഷ്ടിക്കാനാണ് ഇത്തരം വാഗ്ദാനങ്ങളുടെ പട്ടിക എന്നാണ് ശരവൺ പറയുന്നത്.
രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളിൽ വീഴുന്ന ആളുകളിൽ അവബോധം വളർത്തുക എന്നതാണ് തന്റെ ലക്ഷ്യം. അതിനായാണ് ഇത്തരമൊരു പ്രകടന പത്രിക ഇറക്കിയത്. അധികാരത്തിലിരിക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജോലി നൽകാനോ, കാർഷിക മേഖലയെ പരിപോഷിപ്പിക്കാനോ, പ്രകൃതി സംരക്ഷണത്തിനോ പ്രവർത്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് അവർ പണം വാരിയെറിയുന്നതും ജനങ്ങളെ ശരിയായ തീരുമാനമെടുക്കാൻ അനുവദിക്കാതെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരക്കാർ രാഷ്ട്രീയം മലിനമാക്കി അതിനെ സമ്പന്നരുടെ സംരക്ഷണമാക്കി മാറ്റിയെന്നും ശരവൺ വ്യക്തമാക്കുന്നു. ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇത്തരത്തിൽ പ്രകടന വാഗ്ദാനം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സർക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
Post Your Comments