ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ കൂടുതലായി കാണുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് മഹാരാഷ്ട്രയിലേയും പഞ്ചാബിലേയും കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഞ്ചാബില്‍ കോവിഡിന്റെ യു.കെ. വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വാക്സിന്‍ വിതരണത്തില്‍ പ്രായപരിധി ഒഴിവാക്കണമെന്നും വാക്സിന്‍ യുവാക്കള്‍ക്കും നല്‍കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു. യു.കെ. വകഭേദ വൈറസിന് കോവിഷീല്‍ഡ് ഫലപ്രദമാണെന്ന് യുകെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അതിനാല്‍ അടിയന്തിരമായി എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സജീവ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളില്‍ ഒന്‍പതും മാഹാരാഷ്ട്രയിലാണ്. പൂനെ , നാഗ്പുര്‍, മുംബൈ, താനെ, നാസിക്, ഔറംഗബാദ്, നന്ദേത്, അകോല എന്നിവയാണ് ഒന്‍പത് ജില്ലകള്‍. പത്താമത്തെ ജില്ല കര്‍ണാടകയിലെ ബെംഗളൂരു അര്‍ബനാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്. നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്രം കണ്ടെത്തിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ശനിയാഴ്ച യോഗംചേരും.
സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 736 എണ്ണം ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകള്‍ക്കും 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ പരിശോധനയില്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തിയ വൈറസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും പരിശോധനയില്‍ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
read also: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിൽ 2.60 ലക്ഷം വ്യാജ അക്കൗണ്ടുകൾ ; ഡിഎച്ച്എഫ്എല്ലിനെതിരേ കേസ് എടുത്തു
മൂന്നാംഘട്ട കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 88 ശതമാനവും 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഈ വിഭാഗക്കാരിലെ മരണനിരക്ക് 2.85 ശതമാനമാണ്. ഈ കാരണത്താലാണ് ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ കുത്തിവെപ്പ് തുടങ്ങാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments