കാക്കനാട്: പിതാവിനൊപ്പം കാണാതായതിനു പിന്നാലെ മുട്ടാര്‍പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിമൂന്നു വയസുകാരി വൈഗയുടെ മരണത്തില്‍ ദുരൂഹത. വൈഗയുടേത് മുങ്ങിമരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. വൈഗ തേവയ്ക്കല്‍ വിദ്യോദയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു.
കാക്കനാട് കങ്ങരപ്പടി ഹാര്‍മണി ഫ്ളാറ്റില്‍ ശ്രീഗോകുലത്തില്‍ സാനു മോഹനന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാര്‍ പുഴയില്‍നിന്നാണു ലഭിച്ചത്. സാനു മോഹനനെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു. കളമശേരി, തൃക്കാക്കര പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ വൈഗയുടെ മൃതദേഹം അമ്മ രമ്യയും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പിതാവിനെ അഗ്നിരക്ഷാസേനയുടെ രണ്ടാംദിവസ തിരച്ചിലിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ താമസിക്കുന്ന വൈഗയുടെ (13) പിതാവ് സനു മോഹനെയാണ് രണ്ടുദിവസത്തെ തിരച്ചിലിലും കണ്ടെത്താനാകാത്തത്.
പെണ്‍കുട്ടിയുടെ അച്ഛനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. കുട്ടിക്കൊപ്പം പുഴയില്‍ ചാടിക്കാണും എന്ന നിഗമനത്തില്‍ രാവിലെ മുതല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴ മുതല്‍ വരാപ്പുഴ വരെയുള്ള ഭാഗംവരെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ ചാടിയതാണെങ്കില്‍ പൊങ്ങിവരേണ്ട സമയം കഴിഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ, ഉപേക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.
കാര്‍ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് വിവരം. കുമ്പളം, പാലിയേക്കര ടോള്‍ പ്ലാസകള്‍ കടന്നിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫ് ആയിരുന്നു. അവസാനത്തെ കാള്‍ ഭാര്യാപിതാവിനെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.ഇതിനിടെ ആലുവ പുഴയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അത് സാനു അല്ലെന്നു വ്യക്തമായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് വിവരം. തന്റെ അക്കൗണ്ടിലൂടെ വലിയ തുകയുടെ ഇടപാടു നടന്നതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അത് ശരിയായാല്‍ ഉടന്‍ പണം നല്‍കാമെന്നായിരുന്നു കടക്കാരോടു പറഞ്ഞിരുന്നത്. പണം കിട്ടാനുള്ള പലരും ഇവരുടെ ഫ്‌ളാറ്റില്‍ വന്നിരുന്നതായും പറയുന്നു. എന്നാല്‍ സാനു മോഹന് സാമ്പത്തിക ബാധ്യതകളുള്ളതായി തങ്ങള്‍ക്കറിയില്ലെന്നാണ് ഭാര്യയും ബന്ധുക്കളും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
നാല്‍പ്പതു ലക്ഷം രൂപയുടെ സ്ഥിരംനിക്ഷേപത്തിനു പുറമെ എസ്.ബി. അക്കൗണ്ടില്‍ ലക്ഷം രൂപയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചില അനധികൃത ഇടപാടുകളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നു സൂചനയുണ്ട്.
Post Your Comments