ന്യൂഡല്‍ഹി : മുന്‍ മുംബയ് പൊലീസ് മേധാവ് പരംബീര്‍ സിംഗ് ആഭ്യന്തര മന്ത്രിയും എന്‍.സി.പി.നേതാവുമായ അനില്‍ ദേശ്മുഖിനെതിരെ നടത്തിയ അഴിമതി ആരോപണങ്ങള്‍ കെട്ടുകഥകളാണെന്നും മന്ത്രി നിരപരാധിയാണെന്നും എന്‍.സി.പി. അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ തെളിയും വരെ അനില്‍ രാജിവയ്ക്കേണ്ടതില്ല. ഫെബ്രുവരി മദ്ധ്യത്തിലാണ് അനില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടത്തിയതെന്ന് സിംഗ് ആരോപിക്കുന്നു.
എന്നാല്‍ ഫെബ്രുവരി 5 മുതല്‍ 15 വരെ കൊവിഡ് ബാധിച്ച് മന്ത്രി ചികിത്സയിലായിരുന്നു. 15 മുതല്‍ 27 വരെ നാഗ്പൂരില്‍ ക്വാറന്റൈനിലായിരുന്നു. അപ്പോള്‍ മുംബയില്‍ ചര്‍ച്ച നടത്തിയെന്ന് എങ്ങനെ പറയാനാകും. അംബാനികേസിലെ ദുരൂഹതയും കാര്‍ ഉടമസ്ഥന്‍ മന്‍സുഖിന്റെ കൊലപാതകം സംബന്ധിച്ചും മാര്‍ച്ച് ആദ്യം വാരം വിവരം കിട്ടിയതെന്ന് പരംബീര്‍ പറയുന്നു. എന്നിട്ട് എന്തുകൊണ്ട് അന്ന് തന്നെ ഇവ പുറത്തറിയിച്ചില്ല. കൃത്യമായ അന്വേഷണമാണ് നടക്കുന്നത്.
അത് വഴിതിരിച്ച് വിടാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും പവാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ എന്നാല്‍ അനില്‍ 15ന് വാര്‍ത്താസമ്മേളനം നടത്തിയെന്നും പവാറാണ് കഥകള്‍ മെനയുന്നതെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്‍.സി.പി. നേതാക്കളായ ഉപമുഖ്യമന്ത്രി അജിത് പവാറും ജയന്ത് പാട്ടീലും ശരത് പവാറുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയ്ക്കുള്ളിലും അനിലിനെതിരെ വിമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ രാജി സംബന്ധിച്ച അന്തിമ തീരുമാനം എന്‍.സി.പി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വിട്ടു.
read also : ഉടുമ്പഞ്ചോലയില്‍ എംഎം മണി തോല്‍ക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ, വസ്തുതകൾ ഇങ്ങനെ
ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. അതേസമയം അനില്‍ ദേശ്മുഖിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
റസ്റ്റോറന്റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവയില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്കാന് മന്ത്രി പൊലീസിനോടാവശ്യപ്പെട്ടെന്ന് പരംബീര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. സച്ചിന് വാസെയെയടക്കം മന്ത്രി ഇടപെട്ടാണ് നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, പരം ബീര്‍ സിംഗ് ഹോംഗാര്‍ഡ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലായി ഇന്നലെ ചുമതലയേറ്റു.
Post Your Comments