കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഹൈക്കോടതിയിൽ വാദം തുടരുകയാണ്.
എന്നാൽ സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളില്‍ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നു. പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്. പിറവത്തെ വരണാധികാരി ഇക്കാര്യത്തില്‍ സമയം അനുവദിച്ചുകൊണ്ട് ഇറക്കിയ നടപടിക്രമത്തിന്റെ പകര്‍പ്പും ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.വരണാധികാരി യാന്ത്രികമായി പ്രവര്‍ത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു.
സാങ്കേതിക പിഴവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാമനിര്‍ദേശ പത്രികയില്‍ യാതൊരു തരത്തിലുമുള്ള പിഴവ് ഉണ്ടായിരുന്നില്ല. ചിഹ്നം അനുവദിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് അടങ്ങിയ ഫോമിന് പ്രസക്തിയുള്ളത്. അത് നാമനിര്‍ദേശ പത്രികയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ വരണാധികാരിയുടെ പ്രവര്‍ത്തനം പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണ്.തിരഞ്ഞെടുപ്പ് ഹര്‍ജിയിലേക്ക് പോകാതെ തന്നെ ഹൈക്കോടതി ഇടപെട്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാനുള്ള അവസരം അനുവദിക്കണമെന്നാണ് സ്ഥാനാര്‍ത്ഥികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ഭരണഘടനാപരമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്മേലുള്ള ലംഘനമായി വരണാധികാരിയുടെ നടപടി മാറുന്നു എന്ന നിലപാടാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ സ്വീകരിച്ചത്.
Post Your Comments