ലാഹോർ: പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി ലാഹോർ കോടതി. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബർ അസമിനെതിരെ കേസെടുക്കാൻ കോടതി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്ക് നിർദ്ദേശം നൽകിയത്.
ഭീഷണിപ്പെടുത്തൽ, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് നിർദേശം. ലാഹോർ സ്വദേശിനിയായ ഹമിസ മുഖ്താർ എന്ന യുവതിയാണ് ബാബർ അസമിനെതിരെ ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയത്. 2020 നവംബറിലാണ് ഹമിസ ആദ്യമായി പോലീസിന് മുൻപാകെ പരാതി സമർപ്പിച്ചത്. പിന്നീട് യുവതി എഫ്.ഐ.എയ്ക്കും പരാതി നൽകുകയായിരുന്നു.
ബാബർ അസം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നൽകി പറ്റിച്ചുവെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ചില മെഡിക്കൽ രേഖകളും യുവതി കോടതിയിൽ സമർപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ ലാഹോർ പോലീസിനോട് ബാബറിനെതിരെ എഫ്.ഐ.ആർ തയ്യാറാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജ് നൊമാൻ മുഹമ്മദ് നയീം ആവശ്യപ്പെട്ടിരുന്നു.
Post Your Comments