കര്‍ണാടകയില്‍ ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. ശബ്ദ മലിനീകരണം തടയുന്നതിനാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് വഖഫ്ബോര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ ആറ് വരെ ഉച്ചഭാഷിണി ഉപയോഗിക്കരുത് എന്നാണ് സര്‍ക്കുലര്‍. എന്നാല്‍ അതിരാവിലെയുള്ള പ്രാര്‍ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് തടസമായിരിക്കുകയാണ് ഈ സര്‍ക്കുലര്‍.
ബിജെപി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് 2000ലെ നിയമം ശക്തമായി നടപ്പാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇക്കഴിഞ്ഞ ഒമ്പതിന് പുതിയ സര്‍ക്കുലര്‍ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നല്‍കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളാണ് 2000ത്തിലെ നിയമത്തില്‍ പറയുന്നത്.ജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ എന്ന് വഖഫ് ബോര്‍ഡ് പറയുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരുമെന്നും സര്‍ക്കുലറിലുണ്ട്.
മാത്രമല്ല, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. 2017ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും സമാനമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
‘ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്ററില്‍ കുറയാത്ത പ്രദേശം ‘നിശബ്ദ മേഖലകളായി’ പ്രഖ്യാപിച്ചിരിക്കുന്നു. ആരെങ്കിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുകയോ, മറ്റോ ചെയ്താല്‍ പരിസ്ഥിതി (സംരക്ഷണ) ആക്റ്റ്, 1986 ലെ വ്യവസ്ഥകള്‍ പ്രകാരം പിഴ ഈടാക്കും ‘ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments