തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. കടുത്ത ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തില്‍ ബി.ജെ.പിക്ക് പിന്നാലെ ശബരിമല പ്രചരണവിഷയമാക്കുകയാണ് യു.ഡി.എഫും. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്കിയ ആളാണ് താനെന്ന് എല്ലാ പ്രചരണയോഗങ്ങളിലും കെ. മുരളീധരന് പറയുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആരോപണമുയര്‍ത്തിയാണ് നേമത്ത് മുരളീധരന്റെ പ്രചരണം. കേന്ദ്ര സര്‍ക്കാരിന്റെ ദുഷ്ചെയ്തിക്കെതിരെയുള്ള പോരാട്ടമാണ് നേമത്തെതെന്നും കെ.മുരളീധരന് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ എല്ലാ പ്രതിസന്ധിയിലും തുണക്കുന്ന കടല്‍ പിണറായി സര്‍ക്കാര്‍ അമേരിക്കക്ക് കരാര്‍ കൊടുക്കാന്‍ ഒരുങ്ങിയെന്നും മുരളീധരന് ആരോപിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളുടെ എം.എല്‍.എ നിയമസഭയില്‍ കാബറ ഡാന്‍സ് കളിച്ചെന്ന പരാതി ഒരിക്കലും താൻ ഉണ്ടാക്കില്ലെന്നും കണ്‍വെന്‍ഷനില്‍ കെ.മുരളീധരന് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ വടകരയിൽ പദയാത്ര നടത്തിയെന്നും കെ.മുരളീധരന് അവകാശപ്പെടുന്നു.
2016ല്‍ ബിജെപിയുടെ ഒ. രാജഗോപാല്‍ 8,671 വോട്ടിനു വിജയിച്ച മണ്ഡലമാണ് നേമം. നേമം പിടിച്ചെടുക്കുമെന്നാണ് ഇടത്-വലത് മുന്നണികൾ അവകാശപ്പെടുന്നത്. 67,813 വോട്ടായിരുന്നു ഒ.രാജഗോപാലിന് ലഭിച്ചത്. കുമ്മനം രാജശേഖരനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. വി.ശിവന്‍കുട്ടിയാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 2016ല്‍ വി ശിവന് കുട്ടി 59,142 വോട്ട് നേടി. യുഡിഎഫിന് കനത്ത വോട്ട് ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്തുണ്ടായി.
Post Your Comments