കഴക്കൂട്ടം: കൊലപാതകശ്രമം, പിടിച്ചുപറി, കൂലിത്തല്ല്, മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയും ഗുണ്ടാവിരുദ്ധ നിയമപ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ആളുമായ കണിയാപുരം ചിറ്റാറ്റുമുക്ക് ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷി(38)നെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നേതൃത്വത്തിൽ ഗുണ്ട, ലഹരി, മാഫിയാ സംഘങ്ങൾക്കെതിരെ നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ അറസ്റ്റിൽ ആയിരിക്കുന്നത്.
കഠിനംകുളം, ചാന്നാങ്കര സ്വദേശി പവൻരാജ് എന്നയാളെ ആക്രമിച്ച് പണം അപഹരിച്ച കേസിലാണ് പഞ്ചായത്ത് ഉണ്ണി പിടിയിലായിരിക്കുന്നത്. പിടിച്ചുപറി നടത്തിയ ശേഷം ഇയാൾ തമിഴ്നാട്ടിലേക്കും അവിടെ നിന്ന് ബഗളൂരുവിലേക്കും ഒളിവിൽ പോകുകയാണ് ഉണ്ടായത്. കൂട്ടാളിയും പല കേസുകളിലെ പ്രതിയും ജില്ലയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനുമായ അജിത് ലിയോൺ എന്ന ലിയോൺ ജോൺസണെ നാടൻ ബോംബുകളും ലഹരി വസ്തുവായ എം.ഡി.എം.എ യുമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചായത്ത് ഉണ്ണിയുടെ സഹായത്തോടെയാണ് ഇയാൾക്ക് ബംഗളൂരുവിൽ നിന്ന് സിന്തറ്റിക് ഡ്രഗ്സ് ലഭിച്ചിരുന്നത്. അന്വേഷണ സംഘം ബംഗളൂരുവിൽ പഞ്ചായത്ത് ഉണ്ണിയുടെ ഒളിത്താവളത്തിൽ എത്തിയെങ്കിലും കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിത്താവളം മാറുന്നതിനായി തിരികെ നാട്ടിൽ എത്തി അടുത്തൊരു പിടിച്ചുപറി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് കണിയാപുരത്ത് നിന്ന് ഇയാൾ അറസ്റ്റിൽ ആകുന്നത്. അമ്പതോളം കേസുകളിലെ പ്രതിയായ ഇയാൾ 2014, 2017, 2019 വർഷങ്ങളിൽ ‘കാപ്പ’ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ട്. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ അംഗമായ പഞ്ചായത്ത് ഉണ്ണിയെ ആറ് മാസമായി എക്സൈസും തിരയുകയായിരുന്നു ഉണ്ടായത്. പി.കെ.മധുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസ്, കഠിനംകുളം ഇൻസ്പെക്ടർ ബിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർ കെ.എസ്.ദീപു, ലഹരിവിരുദ്ധ സേനയിലേയും ഷാഡോ ടീമിലേയും അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ, എ.എസ്.ഐ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ മാരായ സുനിൽ രാജ്, അനസ്സ് എന്നിവരാണ് പഞ്ചായത്ത് ഉണ്ണിയെ പിടികൂടിയത്.
Post Your Comments