KeralaLatest NewsNews

ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോള്‍ എന്തേ വാളയാറിലെ അമ്മയെ ഓര്‍ത്തില്ലേ ?

ജന-മാദ്ധ്യമ ശ്രദ്ധകള്‍ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്റെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം അതിരു കടക്കുകയാണ്. ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത സംഭവമാണ് പല പത്രങ്ങളും വന്‍ വാര്‍ത്താപ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിലെ വിരോധാഭാസം എടുത്തുകാണിച്ചിരിക്കുകയാണ് യാക്കോബായ സഭ. ലതിക സുഭാഷും വാളയാര്‍ കുട്ടികളുടെ അമ്മയും തല മുണ്ഡനം ചെയ്തപ്പോള്‍ ഉണ്ടായ ജന-മാദ്ധ്യമ ശ്രദ്ധകള്‍ തമ്മിലുള്ള വ്യത്യാസം കാണാതെ പോകരുതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു.

Read Also : നേതാക്കള്‍ സ്‌നേഹ ശൂന്യരായത് കൊണ്ടാണ് താന്‍ തല മുണ്ഡനം ചെയ്തതെന്ന് ലതിക സുഭാഷ്

മുണ്ഡനം ചെയ്യപ്പെടുന്ന തലകളുടെ ലിംഗപദവി മാത്രമല്ല ജാതിയും പ്രാധാന്യം അര്‍ഹിക്കുന്നു. ഫെമിനിസം മാത്രം പോരാ, വുമണിസം കൂടി പറഞ്ഞും കണ്ടും പോയേപറ്റു എന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പറയാതെ വയ്യ

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ അവഗണിക്കുന്നത് സംബന്ധിച്ചു ഞാന്‍ കഴിഞ്ഞ ദിവസം ഇവിടെ എഴുതിയിരുന്നു. അത് ശരി വയ്ക്കുന്ന പ്രതികരണങ്ങളാണ് ഇന്ന് നാം കണ്ടത്. ലതിക സുഭാഷിന്റെ ഇന്നത്തെ പ്രതിഷേധം അതി ശക്തമായിരുന്നു. അവരോടുള്ള എന്റെ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. എന്നാല്‍ ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോള്‍ ഉണ്ടായ മീഡിയ ശ്രദ്ധയും വാളയാര്‍ കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തപ്പോള്‍ ഉണ്ടായ ജന /മാധ്യമ ശ്രദ്ധയും തമ്മിലുള്ള വ്യത്യാസം നമ്മള്‍ കാണാതെ പോകരുത്.

ലിംഗനീതിയുടെ പ്രശ്‌നങ്ങളെ ജാതിനീതിയുമായി ബന്ധിപ്പിക്കാന്‍ ‘പുരോഗമന’ കേരളത്തിനു ഇപ്പോഴും കഴിയാതെ പോകുന്നത് നാം ഇപ്പോഴും ‘കീഴാള’ പ്രശ്‌നങ്ങളെ തമസ്‌കരിക്കുന്നു എന്നതിന്റെ തെളിവാണ്. മുണ്ഡനം ചെയ്യപ്പെടുന്ന തലകളുടെ ലിംഗപദവി മാത്രമല്ല ജാതിയും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. ഫെമിനിസം മാത്രം പോരാ, വുമണിസം കൂടി പറഞ്ഞും കണ്ടും പോയെ പറ്റു…

 

 

shortlink

Post Your Comments


Back to top button