വാളയാർ; തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. അരക്കോടി രൂപ വിലമതിക്കുന്ന 20 ഗ്രാം മെത്താഫിറ്റമിൻ (എംഡിഎംഎ) ലഹരിമരുന്നുമായി കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളിൽ നടത്തിയ പരിശോധനയിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന 100 കിലോ പുകയില ഉൽപന്നങ്ങളും കണ്ടെത്തി പിടികൂടി. കർണാടക കൊടക് മടിക്കേരി സ്വദേശി ഇസ്മായിൽ(31)നെയാണു വിദേശ നിർമിത എംഡിഎംഎ ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബെംഗളൂരു വിമാനത്താവളം വഴിയെത്തിയ എംഡിഎംഎ കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. ബസിൽ പരിശോധനയ്ക്കിടെയാണു പ്രതി പിടിയിലായത്. പുകയില കടത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഷാജി എസ്. രാജന്റെ നിർദേശ പ്രകാരം അസി. കമ്മിഷണർ എ. രമേശിന്റെ നേതൃത്വത്തിലുള്ള എഇസി സ്ക്വാഡും പാലക്കാട് റേഞ്ച് ഓഫിസ് ടീമും ചേർന്നാണു പരിശോധന നടത്തിയിരിക്കുന്നത്.
ഇൻസ്പെക്ടർമാരായ കെ.എസ്. പ്രശോഭ്, എച്ച്. വിനു, പ്രിവന്റീവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ. വേണുകുമാർ, മുഹമ്മദ് ഷെരീഫ്, കെ. രാജേഷ്കുമാർ, സിഇഒമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, യാസർ അറഫാത്ത്, കെ. അഭിലാഷ്, ടി.എസ്. അനിൽകുമാർ, അഷറഫലി, എ. ബിജു, സി. ഭുവനേശ്വരി, ലൂക്കോസ്, കൃഷ്ണകുമാർ, ആർ. രാഹുൽ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. സംസ്ഥാനാന്തര ലഹരി കടത്തു സംഘത്തിലെ പ്രധാനിയാണു പ്രതിയെന്നും ലഹരിമരുന്നിന്റെ യഥാർഥ ഉറവിടം തേടി അന്വേഷണം തുടങ്ങിയെന്നും അസി. കമ്മിഷണർ എ. രമേഷ് അറിയിച്ചു.
Post Your Comments