മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക ട്വിസ്റ്റ്. ജയ്ഷ് ഉല്‍ -ഹിന്ദ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ തിഹാര്‍ ജയിലില്‍ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ തെഹ്സീന്‍ അക്തറിന്റെ സെല്‍ ഫോണ്‍ കണ്ടെടുത്തത്. ഈ ഫോണിലാണ് ജയ്ഷ് ഉല്‍ ഹിന്ദിന്റെ ടെലിഗ്രാം ചാനല്‍ തുടങ്ങിയതെന്ന് പൊലീസ് സംശയിക്കുന്നു.
അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഉല്‍-ഹിന്ദിന്റെ ടെലഗ്രാം ചാനല്‍ തുടങ്ങിയത് തിഹാര്‍ ജയിലിലാണെന്ന് മുംബൈ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ, ആദ്യം ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്ഷ്-ഉല്‍-ഹിന്ദ് മണിക്കൂറുകള്‍ക്കകം തങ്ങള്‍ക്ക് പങ്കില്ലെന്ന സന്ദേശവും പുറത്തുവിട്ടിരുന്നു.
നിരവധി തീവ്രവാദികളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതെന്ന് സ്പെഷ്യല്‍ സെല്‍ ഡി.സി.പി പ്രമോദ് കുശ്വാഹ് അറിയിച്ചു. വിശദമായ അന്വേഷണത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. .ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ തെഹ്സീന്‍ അക്തര്‍ മുംബൈ, ഹൈദരാബാദ്, വാരണാസി എന്നിവിടങ്ങളില്‍ അടക്കം നിരവധി ബോംബാക്രമണക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. 2013 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകനായ യാസിന്‍ ഭട്ടകല്‍ പിടിയിലായ ശേഷം തെഹ്സീന്‍ അക്തറായിരുന്നു തലവന്‍.
ഫെബ്രുവരി 25-ന് മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് ജയ്ഷ്-ഉല്‍-ഹിന്ദിന്റെ പേരിലുള്ള ടെലഗ്രാം ചാനലില്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ടുള്ള ഒരു ലിങ്കും ഉണ്ടായിരുന്നു. മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 26-നാണ് ഈ ടെലഗ്രാം ചാനല്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.
Post Your Comments