
ചെന്നൈ : ഡിഎംകെ 173 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക്-ട്രിപ്ലികെയിന്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ എടപ്പാടിയില്‍ സമ്പത്ത് കുമാറിനെയാണ് ഡിഎംകെ മത്സരിപ്പിക്കുന്നത്.
അണ്ണാ ദുരെയുടേയും കരുണാനിധിയുടേയും സമാധി സ്ഥലങ്ങളില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് സ്റ്റാലിന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും പട്ടികയില്‍ ഇടമുണ്ട്. യുവാക്കളേയും പരിഗണിച്ചു. 173 സ്ഥാനാര്‍ത്ഥികളില്‍ 13 വനിതകളെ മാത്രമേ പരിഗണിച്ചുള്ളൂ. സുരേഷ് രാജന്‍, കണ്ണപ്പന്‍, അവുദൈയ്യപ്പന്‍ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്റ്റാലിന്‍ പട്ടിക പുറത്തു വിട്ടത്. മാര്‍ച്ച് 15-ന് നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് മത്സരിക്കും. കമല്‍ഹാസന്റെ കന്നിപ്പോരാട്ടമാണ് നടക്കുന്നത്. ചെന്നൈയിലാണ് കമല്‍ഹാസന്‍ മത്സരിക്കുന്ന കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടികയും കമല്‍ഹാസന്‍ പുറത്തിറക്കി.
Post Your Comments