തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് ശേഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് വെല്ലുവിളികളേറെ. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ 15730 പോളിങ് ബൂത്തുകളാണ് അധികമായി വരുന്നത്. ഈ ബൂത്തുകളില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നവരില്‍ ഭൂരിഭാഗവും അധ്യാപകരായിരിക്കും.
വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ഭാഗം. പരീക്ഷ ഈ മാസം തന്നെ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഏഴ് ദിവസം മാത്രം അവശേഷിക്കെ എന്ത് ചെയ്യണമെന്ന ആവലാതിയിലാണ് വിദ്യാർത്ഥികൾ.
തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനമുണ്ടായാല്‍ അത് അധ്യാപകരെയും പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളെയും ഒരുപോലെ ബാധിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന് ആരംഭിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഡോസ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്നതോടെ കോവിഡ് വ്യാപനമുണ്ടാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. കുട്ടികളിലും അധ്യാപകരിലേക്കും കോവിഡ് വ്യാപനമുണ്ടായാല്‍ പരീക്ഷ നടത്തിപ്പുതന്നെ പ്രതിസന്ധിയിലാകും.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിശ്ചയിച്ച തീയതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ ഈ വെല്ലുവിളിയുണ്ടാകില്ലെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ മാറ്റാനുള്ള അനുമതി ലഭിച്ചാല്‍ മാത്രമേ പകരം പരീക്ഷാ തീയതി തീരുമാനിക്കൂ.
തെരഞ്ഞെടുപ്പിനുശേഷം ഏപ്രില്‍ രണ്ടാം വാരത്തിലോ അല്ലെങ്കില്‍ വോട്ടെണ്ണലിന് ശേഷം മേയിലോ പരീക്ഷ നടത്താമെന്ന ആലോചനയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ റമദാന് വ്രതം ആരംഭിക്കുന്നതും വിഷു വരുന്നതും ഈ സമയത്ത് പരീക്ഷ നടത്താനുള്ള നീക്കത്തില്‍ എതിര്‍പ്പിനിടയാക്കും. എതിര്‍പ്പുയര്‍ന്നാല്‍ പരീക്ഷ മേയിലേക്ക് മാറ്റേണ്ടിവരും. ഫലത്തില്‍ പരീക്ഷക്കൊരുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസത്തോളം കാത്തിരിപ്പ് നീളും.
Post Your Comments