താന്‍ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ് എന്നും അദ്ദേഹത്തിന്‍റെ പേര് വെച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നടി അഹാന കൃഷ്ണ. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും അഹാന വ്യക്തമാക്കി. പൃഥ്വിരാജ് മുഖ്യ കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാലാണ് തന്നെ ഒഴിവാക്കിയതെന്ന അഹാനയുടെ പിതാവ് കൃഷ്ണകുമാറിന്‍റെ ആരോപണത്തെ തുടർന്നുള്ള വാർത്തകൾക്കാണ് അഹാന മറുപടി നല്‍കിയത്.
‘അദ്ദേഹത്തിന്‍റെ പേര് വെച്ച് ഇത്തരത്തില്‍ തെറിവിളിക്കാന്‍ പോകുന്നവര്‍ ലെഫ്റ്റ് ആണെങ്കിലും റൈറ്റ് ആണെങ്കിലും ആദ്യം നേരെ നോക്കണം. എനിക്ക് ഇതിലൊന്നും ഒരു പങ്കുമില്ല. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്‍റെ ഫാനാണ്. ഇവിടെ എനിക്ക് യാതൊരു പ്രൊഫഷണല്‍ പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ആരോടും ഒന്നും പറഞ്ഞിട്ടില്ല’ .അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.
‘ഈ നാടകത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം. ദയവ് ചെയ്ത് ഇത്തരം വാര്‍ത്തകളില്‍ തന്‍റെ പേര് വലിച്ചിഴക്കരുതെ’ന്നാണ് നടി അഹാന കൃഷ്ണ പറയുന്നത്.
മകള്‍ അഹാനകൃഷ്ണയെ തന്‍റെ ബി.ജെ.പി ബന്ധം കാരണം രണ്ട് സിനിമകളില്‍ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന് നടന്‍ കൃഷ്ണകുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. പൃഥ്വിരാജ് ചിത്രം ‘ഭ്രമ’ത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ഇതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments