പാലക്കാട് : അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഡ്രൈവര്‍ ആംബുലന്‍സ് നടുറോഡില്‍ ഉപേക്ഷിച്ചു. ആംബുലന്‍സിന് അകത്ത് യുവതിയും കുഞ്ഞും ഭര്‍ത്താവും രണ്ടു ബന്ധുക്കളും നഴ്‌സിങ് അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. നടുറോഡില്‍ ആംബുലന്‍സ് ഉപേക്ഷിച്ച് ഡ്രൈവര്‍ പോയതോടെ ചുട്ടു പൊള്ളുന്ന വെയിലില്‍ ഇവര്‍ക്ക് ആംബുലന്‍സിനകത്ത് വിയര്‍ത്ത് ഇരിക്കേണ്ടി വന്നു. പിന്നീട് പൊലീസ് എത്തി ഇവരെ മറ്റൊരു ആംബുലന്‍സില്‍ തൃശൂരില്‍ എത്തിച്ചു.
അമിത വേഗതയില്‍ ആയിരുന്ന ആംബുലന്‍സിനകത്ത് സ്ട്രക്ചറില്‍ നിന്ന് യുവതി വീണതായും ബന്ധുക്കള്‍ പറയുന്നു. പ്രസവ ശേഷമുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതിയെ തൃശൂരിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആലപ്പുഴ സ്വദേശിയുടെ ആംബുലന്‍സാണ് കിട്ടിയത്. വഴി അറിയാത്തതിനാല്‍ ആംബുലന്‍സിനെ ഉടമയും ഡ്രൈവറുമായ ആഷിദ് മറ്റൊരു ഡ്രൈവറെ ഏല്‍പ്പിയ്ക്കുകയായിരുന്നു. ഇതിനിടെ പോകേണ്ട വഴിയില്‍ നിന്ന് ഏറെ ദൂരം മാറി സഞ്ചരിച്ചു.
തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്നവരും ഡ്രെവറും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതിയുടെ ബന്ധുക്കള്‍ ഡ്രൈവറെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. ഇതോടെയാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി പോയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഡ്രൈവര്‍ പുതുനഗരം സ്വദേശി പടിക്കല്‍പാടം ആഷിദിന്റെ പേരില്‍ ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു.
Post Your Comments