Latest NewsNewsIndia

ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകം ‘മൈത്രി സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകമായ ‘മൈത്രി സേതു’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ് നടക്കുക. ത്രിപുരയിൽ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും.

ത്രിപുര-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഒഴുകുന്ന ഫെനി നദിയിലാണ് മൈത്രി സേതു പാലം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തുടർന്നുവരുന്ന സൗഹൃദ ബന്ധത്തിന്റെയും ഉഭയകക്ഷി ബന്ധങ്ങളുടെയും പ്രതീകമായാണ് പാലത്തിന് മൈത്രി സേതു എന്ന പേര് നൽകിയിരിക്കുന്നത്. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കിയത്.

133 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിന് 1.9 കിലോമീറ്റർ നീളം വരും. ഇന്ത്യയിലെ സബ്രൂമിനെ ബംഗ്ലാദേശിലെ രാംഗഡുമായി ഇത് ബന്ധിപ്പിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരവും ജനങ്ങളുടെ സഞ്ചാരവും ഒരുപോലെ സുഗമമാക്കാൻ മൈത്രി പാലം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button