എം.സി റോഡിലെ കടുവാള്‍ ജംഗ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതില് തകര്‍ത്തതില്‍ ദുരൂഹത തുടരുന്നു. ശനിയാഴ്ച്ച രാത്രി 10 മണിയോടെ നടന്ന അപകടത്തില്‍ ആളപായമുണ്ടായില്ല. എങ്കിലും തുടര്‍ അന്വേഷണത്തില്‍ പൊലീസ് മടിച്ചതോടെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. കടുവാള്‍ ഉഷസ് വീട്ടില്‍ പ്രതാപിന്റെ വീട്ടുമുറ്റത്തേക്കാണ് വണ്ടി ഇടിച്ച് കയറിയത്. ഇവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. യു.പി രജിസ്ട്രേഷനില്‍ മഞ്ഞയും വെള്ളയും നിറത്തിലുള്ള പജേറോയാണ് അപകടത്തില്‍പ്പെട്ടത്. ഗാസിയാബാദ് സ്വദേശി ഇക്ബാലിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നാണ് കണ്ടെത്തൽ.
അപകട ശേഷം വാഹനത്തില്‍ ഉണ്ടായിരുന്ന നാലു പേര് സ്യൂട്ട് കേയ്സും കവറുകളുമായി നാലുപാടും ചിതറിയോടിയതാണ് ദുരൂഹതയുണര്‍ത്തുന്ന ആദ്യ ഘടകം. വാഹനത്തില്‍ വയര്‍ലെസ് സംവിധാനങ്ങളും റിസീവറും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചതിന്റെ കവറുകളും കുങ്കുമം ഉള്‍പ്പെടെ വിതറിയിട്ട നിലയിലാണ്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ശേഷം ആരുമില്ലാത്ത സമയത്ത് ചിലര്‍ വാഹനത്തില്‍ പരിശോധന നടത്തിയതായി സമീപവാസികള്‍ പറഞ്ഞു. അതിനിടെ കൂവപ്പടി സ്വദേശിയുടേതാണെന്നറിയിച്ച് വാഹനം നീക്കം ചെയ്യാന്‍ പൊലീസ് ഞായറാഴ്ച്ച ഉച്ചയോടെ എത്തിയെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എതിര്‍ത്തതോടെ ഇവര്‍ പിന്മാറുകയായിരുന്നു. ക്രെയിന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളുമായി വാഹനം നീക്കം ചെയ്യാന്‍ സ്വമേധയാ എത്തിയ പൊലീസുകാരില്‍ ചിലര്‍ തങ്ങളോട് കയര്‍ത്ത് സംസാരിച്ചതായും വീട്ടുകാര്‍ പറഞ്ഞു. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ മുമ്ബ് യു.പി രജിസ്ട്രേഷനിലുളള ഈ കാര്‍ പലരും ശ്രദ്ധിച്ചിരുന്നു. നിയന്ത്രണം വിട്ട് ഈ കാര്‍ ഐമുറി കവല തുടങ്ങി അപകടകരമായ രീതിയില്‍ ഒാടിയിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലും അമിതവേഗതയിലുമായിരുന്നു വാഹനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പെരുമ്ബാവൂരിലെ പാലക്കാട്ടുതാഴം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. കോടികള്‍ വില മതിക്കുന്ന മയക്കുമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇതാണ് അപകടശേഷം എടുത്തുകൊണ്ട് ഓടിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുളള ആക്ഷേപം ശക്തമാണ്. പൊലീസിലെ ഒരു വിഭാഗം ഇവര്‍ക്കായി രംഗത്തെത്തിയത് ദുരൂഹതയുണര്ത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ പെരുമ്ബാവൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത് ലഹരി മാഫിയകളെ കൂട്ടുപിടിച്ചാണെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ച പശ്ചാത്തലത്തിലാണ്
പെരുമ്ബാവൂരിലെ ഈ സംഭവം ശ്രദ്ധേയമാകുന്നത്. തീവ്രവാദവിരുദ്ധ സേന ഏറ്റെടുത്ത അടുത്തിടെ നടന്ന പാലക്കാട്ടു താഴത്ത് അരങ്ങേറിയ വെടിവയ്പ്പ് കേസുമായി ഈ ലഹരി മാഫിയയിലെ അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണറിയുന്നത്. സംഭവം വിവാദമായ സാഹചര്യത്തില്‍ പൊലീസിന്റെ എന്ത് നടപടി കൈക്കൊള്ളുമെന്ന് കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഈ സംഭവം വാർത്തയായത് കൊണ്ട് തന്നെ പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യതയും കൂടുതലാണ്
Post Your Comments