ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉത്തേജനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകി സഹായിച്ചതിനും ഐഎംഎഫ് മേധാവി ഗീത ഗോപിനാഥ് ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു.
മറ്റ് രാജ്യങ്ങൾക്ക് സമാനമായി കൊറോണ വൈറസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെയും ബാധിച്ചു. സാധാരണ നിലയിൽ ഇന്ത്യയ്ക്ക് 6% വളർച്ച രേഖപ്പെടുത്താറുണ്ടെങ്കിലും 2020ൽ ഇത് നെഗറ്റീവ് 8 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇന്ത്യയുടെ സാമ്പത്തിക രംഗം ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. 2021ൽ വളർച്ചാ നിരക്ക് 11.5 ശതമാനമായി ഉയരുമെന്നും വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യമായി ഇന്ത്യ മാറുമെന്നും ഗീത ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളർച്ചയെന്നാൽ അത് മറ്റ് രാജ്യങ്ങളുടെ കൂടി വളർച്ചയാണ്. ഇന്ത്യ വീണ്ടും വളർച്ചയുടെ പാതയിലെത്തിയാൽ അത് മറ്റ് രാജ്യങ്ങൾക്കും ഗുണം ചെയ്യും. ഇതിലൂടെ അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക രംഗം വീണ്ടും സജീവമാകുമെന്ന് ഗീത പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൊറോണ സൃഷ്ടിച്ച വെല്ലുവിളിയെ നേരിടുന്നതിന് ഇന്ത്യയുടെ സേവനം നിർണായകമാണെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
read also: സുരേഷ് ഗോപി മത്സരിക്കുന്ന മണ്ഡലം , തീരുമാനം ഉടൻ
കൂടാതെ ഇന്ത്യയുടെ വാക്‌സിൻ പോളിസി പ്രശംസനീയമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ലോകത്ത് ഒരേയൊരു വാക്‌സിൻ ഹബ് മാത്രമാണുള്ളതെന്നും അത് ഇന്ത്യയാണെന്നും ഗീത വ്യക്തമാക്കി. 56 ലക്ഷം ഡോസ് വാക്‌സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് നൽകിയത്. ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കെല്ലാം ഇന്ത്യ വാക്‌സിൻ നൽകി. ഇത്തരത്തിൽ വലിയ രീതിയിൽ വാക്‌സിൻ ഉത്പ്പാദനം നടത്തുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും ഗീത അഭിനന്ദിച്ചു.
Post Your Comments