ചണ്ഡിഗഢ്: കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പഞ്ചാബിലെ ആം ആദ്മി എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മയക്കുമരുന്ന് കടത്തൽ, വ്യാജ പാസ്പോർട്ട് നിർമ്മാണം തുടങ്ങിയവുമായി ബന്ധപ്പെട്ടാണ് സുഖ് പാലിനെതിരേ കളളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നത്. ഇത്തരം സംഘങ്ങളുമായി സുഖ് പാലിന് ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തലുകൾ.
സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് ട്രാൻസാക്ഷൻ രേഖകളുമാണ് പ്രധാനമായും പരിശോധിക്കുകയെന്ന് എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ചണ്ഡിഗഡിലെ സുഖ് പാലിന്റെ സെക്ടർ 5 മേഖലയിലെ വസതിയും ഹരിയാന, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലുമാണ് പരിശോധന നടന്നത്.
2019 ൽ പഞ്ചാബ് ഏകതാ പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിക്ക് സുഖ് പാൽ രൂപം നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ പോലും ചുരുങ്ങിയ സമയത്തിനുളളിൽ പാർട്ടിക്ക് യൂണിറ്റുകൾ ഉണ്ടാക്കുകയും ചെയ്തു. 2017 ൽ ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിലാണ് ഖൈറ മത്സരിച്ച് വിജയിച്ചത്. രാവിലെ 7.30 ഓടെയാണ് പരിശോധന ആരംഭിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകരോട് ഖൈറയുടെ പ്രതികരണം.
Post Your Comments