
കാശ്മീരിലെ നിയന്ത്രണരേഖയോടു ചേർന്നുള്ള ക്യാംപുകളിൽ ഇപ്പോഴും ഭീകരർക്കു പരിശീലന സൗകര്യങ്ങൾ നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള മാർഗങ്ങൾ കൂടാതെ എങ്ങനെയെല്ലാം ഇന്ത്യയിലേക്കു നുഴഞ്ഞു കയറാമെന്നാണു ക്യാംപുകളിൽ മുഖ്യമായും പരിശീലിപ്പിക്കുന്നത്. മരാല ഭീകരക്യാംപിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പരമ്പരാഗത യുദ്ധമുറകൾക്കൊപ്പം, വെള്ളത്തിലൂടെയും, തുരങ്കം നിർമിച്ചും അതിർത്തി വഴി നുഴഞ്ഞു കയറേണ്ട രീതികൾ പഠിപ്പിക്കുന്നുണ്ട്. സമാനി, ബർനാല, ഗുൽപുർ, ഫോർവാഡ് കഹുത, ചെനാബ് നദിക്കു സമീപം എന്നിവിടങ്ങളിൽ ക്യാംപുകൾ പ്രവർത്തിക്കുന്നതായാണ് ലഭ്യമായ വിവരം.
മരാല ക്യാംപിലാണു തീവ്രമായ പരിശീലനങ്ങൾ നൽകുന്നതെന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്. ജലത്തിനടിയിലൂടെ സഞ്ചരിക്കാനും, ചെറിയ യന്ത്രങ്ങളുപയോഗിച്ചു തുരങ്കങ്ങൾ നിർമിക്കാനും പഠിപ്പിക്കുന്നതിനൊപ്പം ഇവിടെ ആയുധപരിശീലനവും നൽകുന്നുണ്ട്. നേരത്തെ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാസേന തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെ ഭീകരർ നൂതന പരിശീലനങ്ങൾ നടത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അതു നേരിടാനും നിർവീര്യമാക്കാനുമുള്ള നടപടികളെടുത്തെന്നും മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. അതിർത്തിയിൽ ഇന്ത്യയുടെ സേനാ സന്നാഹം നിലവിലെ രീതിയിൽ തുടരുകയാണ്. ഭീകരർ ഇനിയും നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്നതിനാൽ കടുത്ത ജാഗ്രതയിലാണ് സൈന്യം
Post Your Comments