പാരീസ്: ഫ്രഞ്ച് കോടീശ്വരനും റഫേൽ യുദ്ധവിമാന നിർമ്മാണക്കമ്പനി ഉടമയുമായ ഒലിവർ ദെസ്സോ കൊല്ലപ്പെട്ടു. സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നാണ് മരണം. നോർമൻഡിയിലെ അവധിക്കാല വസതിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഡ്യൂവില്ലേ എന്ന സ്ഥലത്താണ് വൈകിട്ട് ആറുമണിയോടെ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ പൈലറ്റും കൊല്ലപ്പെട്ടു. 69കാരനായ ദെസ്സോവിന്റെ മരണം ഫ്രാൻസിന്റെ വ്യവസായ രംഗത്ത് വലിയ നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
റഫേൽ യുദ്ധവിമാന കമ്പനി ഉടമയുടെ ദുരൂഹമരണത്തിൽ ഫ്രഞ്ച് സർക്കാർ അന്വേഷണം തുടങ്ങി. പ്രശസ്തനായ വ്യവസായി സെർഗേ ദെസ്സോവിന്റെ മകനെന്ന നിലയിലാണ് ഒലിവർ വ്യവസായ രംഗത്തേക്ക് കടന്നുവന്നത്. ലോകത്തെ ധനാഢ്യന്മാരിൽ 361-ാം സ്ഥാനം വഹിച്ചിരുന്നയാളാണ് ഒലിവർ ദെസ്സോ. ഇവരുടെ പങ്കാളിത്തത്തിലാണ് റഫേലെന്ന അത്യാധുനിക യുദ്ധവിമാനം പിറവിയെടുത്തത്. ദെസ്സോ കുടുംബത്തിലെ മുത്തച്ഛനായിരുന്ന മാർസെല്ലാണ് ദെസ്സോ ഏവിയേഷനെന്ന വിമാന നിർമ്മാണക്കമ്പനി ഒന്നാം ലോകമഹായുദ്ധ സമയത്ത് ആരംഭിച്ചത്.
1986ൽ മാർസെൽ അന്തരിച്ചു. തുടർന്ന് യുവാവായ ഒലിവറിനെ അച്ഛൻ സെർജേ, ദെസ്സോ ഏവിയേഷന്റെ സിവിൽ എയർക്രാഫ്റ്റ് യൂണിറ്റിന്റെ മേധാവിയും 2011ൽ ദെസ്സോ ഗ്രൂപ്പിന്റെ മുഴുവൻ സമയ ചെയർമാനുമാക്കി നിയമിച്ചു. ഇവരുടെ ഉടമസ്ഥതയിൽ ലേ ഫിഗാരോ എന്ന വർത്തമാന പത്രവും നിലവിലുണ്ട്. 2002ൽ ഒലിവർ ദെസ്സോ ഫ്രഞ്ച് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Post Your Comments