മുംബൈ: ബോളിവുഡ് നടി തപ്സീ പന്നുവിന്റെയും സംവിധായകൻ അനുരാഗ് കശ്യപിന്റെയും സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 650 കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി. രണ്ട് ദിവസമായി നടക്കുന്ന റെയ്ഡിനിടെ ആദായനികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിലും ഓഫീസുകളിലും ഇവർക്ക് പങ്കാളിത്തമുളള മറ്റു സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.
മുംബൈയിലും ഹൈദരാബാദിലും പൂനെയിലുമാണ് റെയ്ഡ് നടന്നത്. ഇത് കൂടാതെ സെലിബ്രിറ്റി, ടാലന്റ് മാനേജ്മെന്റ് കമ്പനികളായ ക്വാൻ, എക്സീഡ് എന്നീ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവുകളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. വാട്സ്ആപ്പ് ചാറ്റുകളും ഇ മെയിൽ സന്ദേശങ്ങളും ഹാർഡ് ഡിസ്കും ഇവിടെ നിന്നും പിടിച്ചെടുത്തു. ഏഴോളം ബാങ്ക് ലോക്കറുകളുടെ വിവരങ്ങളും കണ്ടെടുത്തു. വെബ്സീരീസ് ഉൾപ്പെടെ നിർമിക്കുന്ന കമ്പനികൾ റെയ്ഡിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി.
തപ്സിയുടെയും അനുരാഗിന്റെയും പങ്കാളിത്തത്തോടെ സ്ഥാപിച്ച ഫാന്റം ഫിലിംസിന്റെ പ്രമോട്ടർമാരുടെ വീടുകളിലും റെയ്ഡ് നടത്തി. ഈ കമ്പനി 2018 ൽ പിരിച്ചുവിട്ടിരുന്നു. കണക്കുകൾ പരിശോധിച്ചതിൽ 300 കോടി രൂപയുടെ പൊരുത്തക്കേടുകളെക്കുറിച്ച് കമ്പനി അധികൃതർക്ക് കൃത്യമായ വിശദീകരണം നൽകാനായിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
മുംബൈ, പൂനൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായി രണ്ട് പ്രൊഡക്ഷൻ കമ്പനികൾ, ഒരു നടി, രണ്ട് ടാലന്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട 28 ഇടങ്ങളിൽ ആണ് റെയ്ഡ് നടത്തിയത്. എന്നാൽ ഈ റെയ്ഡിനെ രണ്ട് വ്യക്തികളിലേക്ക് മാത്രമായി ചുരുക്കുകയും, കേന്ദ്ര സർക്കാറിനെ എതിർക്കുന്നവരോട് നടത്തുന്ന വ്യക്തിപരമായ വേട്ടയാണെന്നും, ഫാസിസമാണെന്നും ആയിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
ഇത്രയും രൂപയുടെ ഇടപാട് എന്തായിരുന്നു എന്ന് കണക്ക് സഹിതം അന്വേഷണ ഏജൻസികളെയോ അല്ലെങ്കിൽ കോടതിയേയോ ബോധ്യപ്പെടുത്തിയാൽ ഇവർക്ക് നിരപരാധിത്വം ബോധ്യപ്പെടുത്താമല്ലോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം നടിയുടെ 5 കോടി രൂപവരെയുളള പണമിടപാടിന്റെ തെളിവും കണ്ടെടുത്തിട്ടുണ്ട്. നികുതി വെട്ടിപ്പിനും നിരവധി തെളിവുകൾ ലഭിച്ചതായി ആദായനികുതി വകുപ്പ് സൂചന നൽകുന്നു.
Post Your Comments