തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്കായി കേരളം കണ്ടെത്തിയ പ്രദേശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി വകുപ്പ് താൽക്കാലികമായി കണ്ടു കെട്ടിയത്. രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയാണ് കണ്ടു കെട്ടിയത്. ബിലീവേഴ്സ് ചര്‍ച്ചിനെതിരായ നികുതി കേസിലാണ് കണ്ടു കെട്ടല്‍. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്.
ബിലീവേഴ്സ് ചര്‍ച്ചില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കെട്ടിയത്. നികുതി അടച്ചില്ലെങ്കില്‍ വസ്തു നഷ്ടമാകും. അഞ്ഞൂറു കോടിയുടെ ഫെമാ കേസാണ് ഇതിന് കാരണം. ശബരിമല വിമാനത്താവളത്തിനായി സർക്കാർ കണ്ടുവെച്ച ഭൂമിയാണ് ഇത്. ഒരു കോടിയോളം രൂപ മുടക്കി ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താന്‍ അമേരിക്കന്‍ കമ്പനിയായ ലൂയി ബെര്‍ഗറിന് കരാര്‍ നല്‍കിയത് വെറുതെയാകുമെന്നാണ് സൂചന.
നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കിയാല് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ഇതിനിടെയാണ് ആദായ നികുതി വകുപ്പ് നിര്‍ണ്ണായക നീക്കം നടത്തിയത്.
ജൂണില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. ചെറുവള്ളിയിലേത് ബിലീവേഴ്സ് ചര്‍ച്ചും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരുന്നു. സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന് ശേഷം പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
അതേസമയം സര്‍ക്കാരിന്റെ ഭൂമിയെന്നാണ് ചെറുവള്ളിയെ വിലയിരുത്തുന്നത്. അത്തരമൊരു ഭൂമിയെ പണം കൊടുത്തു വാങ്ങി യോഹന്നാന് സഹായം ചെയ്യാനാണ് നീക്കമെന്ന ആക്ഷേപവും ശക്തമായിരുന്നു. ഹാരിസണില്‍ നിന്നാണ് ഈ ഭൂമി കോടികള്‍ കൊടുത്ത് യോഹന്നാന് വാങ്ങിയത്. അന്നുമുതല്‍ നിയമ പ്രശ്നമായിരുന്നു . ഇതോടെയാണ് എങ്ങനേയും സര്‍ക്കാരിന് കൈമാറാനുള്ള നീക്കം അതീവ രഹസ്യമായി നടത്തിയത്. ഇതിന് ഹൈക്കോടതി വിധി തടസ്സമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഇടപെടല്‍.
Post Your Comments