തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേയ്ക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ച് നടക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മുതിര്‍ന്ന നേതാക്കളുടെ ബന്ധുക്കള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. തരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കൊയിലാണ്ടിയില്‍ മുന്‍ എം.എല്‍.എ എം.ദാസന്റെ ഭാര്യയും മുന്‍ എം.പിയുമായ പി.സതീദേവി മല്‍സരിക്കും. മുഖ്യമന്ത്രിയുടെ മരുമകന്‍ പി.എ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
പ്രമുഖരെ ഒഴിവാക്കിയാണ് ഇക്കുറി ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. വൈപ്പിന്‍ എം.എല്‍.എ എസ്. ശര്‍മ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനില്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ മത്സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് സ്ഥാനാര്‍ത്ഥിയാകും.
അഴീക്കോട് കെ.വി സുമേഷ്, കോങ്ങാട് പി.പി സുമോദ്, കല്യാശേരി എം. വിജിന്‍, മാവേലിക്കര എം.എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ഗുരുവായൂരില്‍ സിറ്റിംഗ് എം.എല്‍.എ കെ.വി.അബ്ദുള്‍ ഖാദറിനെ വെട്ടി. അവിടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ മത്സരിക്കും. ഏറ്റുമാനൂരില്‍ വി.എന്‍ വാസവനും കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാറും മത്സരിക്കും. കായംകുളത്ത് നിലവിലെ എം.എല്‍.എ യു. പ്രതിഭ വീണ്ടും മത്സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
Post Your Comments