Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ശ്രീ എമ്മിനെ ചൊല്ലി കോണ്‍ഗ്രസിലും വിവാദം, വി.ടി.ബല്‍റാമും പി.ജെ. കുര്യനും നേര്‍ക്കുനേര്‍

ശ്രീ എമ്മിനെ കുറിച്ച് ബല്‍റാം പറഞ്ഞത് വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍

 

തിരുവനന്തപുരം : ശ്രീ എമ്മിനെ ചൊല്ലി കോണ്‍ഗ്രസിലും വിവാദം. യോഗ സെന്ററിനായി ശ്രീ എമ്മിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാഗ്വാദം ഉടലെടുത്തത്. ഇതു സംബന്ധിച്ച് വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ രംഗത്തുവന്നു. ശ്രി എമ്മിനെ ആര്‍.എസ്.എസ് സഹയാത്രികനെന്നും ആള്‍ ദൈവമെന്നും വിശേഷിപ്പിച്ച എം.എല്‍.എയുടെ വാക്കുകള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവരെയും വേദനിപ്പിക്കുമെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

Read Also : സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച ശ്രീ എം വിവാദത്തിന് തിരശ്ശീല വീണു, സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

ഫേസ്ബുക്കിലൂടെയാണ് പി.ജെ കുര്യന്‍ ബല്‍റാമിനെതിരെ രംഗത്ത് വന്നത്. ആരെങ്കിലും യോഗ സെന്ററോ മറ്റേതെങ്കിലും സ്വകാര്യ സംരംഭമോ തുടങ്ങാനെന്ന പേരില്‍ ഒരപേക്ഷയുമായി വന്നാല്‍ ചുമ്മാതങ്ങ് നല്‍കാനുള്ളതാണോ സര്‍ക്കാര്‍ വക ഭൂമിയെന്നും യോഗ ഗുരുവില്‍ നിന്ന് ആള്‍ദൈവമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആര്‍.എസ്.എസ് സഹയാത്രികന് ഭൂമി നല്‍കുന്നത് ശരിയല്ലെന്നുമായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

ഈ പോസ്റ്റ് വൈറലായതോടെയാണ് പി.ജെ കുര്യന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന ഗവണ്മെന്റ് ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പില്‍ തന്നത് വായിച്ചു. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎമ്മിനെ ‘ആള്‍ ദൈവമെന്നും ആര്‍.എസ്.എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ് പി.ജെ കുര്യന്‍ വിമര്‍ശിച്ചു.

എനിക്ക് ശ്രീ എമ്മുമായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല, ആര്‍.എസ്.എസും അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്‌കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍.എസ്.എസ് ആകുമോ ?

ആദ്ധ്യാത്മിക പ്രഭാഷണം നടത്തുകയും ആദ്ധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ? ഒരു എം.എല്‍.എ ആയ ശ്രീ. ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ. എമ്മിനെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ എമ്മിന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല പി.ജെ കുര്യന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button