Latest NewsIndiaNews

‘എങ്ങനെ ഇത് ചോദിക്കാന്‍ കഴിയുന്നു?’ പോക്‌സോ കേസിലെ കോടതി നിർദ്ദേശത്തോട് പ്രതികരിച്ച് നടി തപ്‌സി പന്നു

പോക്‌സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതിക്കെതിരെ വിമര്‍ശനുമായി ബോളിവുഡ് നടി തപ്‌സി പന്നു. വിധിയോട് അറപ്പല്ലാതെ മറ്റൊന്നു തോന്നുന്നില്ലെന്നും എങ്ങനെയാണ് ഇങ്ങനെ ചോദിക്കാന്‍ സാധിക്കുന്നതെന്നും തപ്‌സി ട്വീറ്റ് ചെയ്തു.

‘ആ പെണ്‍കുട്ടിയോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നോ, തന്നെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്? എങ്ങനെ ഇത് ചോദിക്കാന്‍ കഴിയുന്നു? ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ്, അത് മാത്രമാണ് തോന്നുന്നത്,’തപ്‌സി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പ്രതിഭാഗം അഭിഭാഷകനോട് വിവാഹക്കാര്യം ചോദിച്ചത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ് മോഹിത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അതല്ലെങ്കില്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും’, എസ്.എ ബോബ്‌ഡെ പറഞ്ഞു. തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവുമെന്നും, ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോകാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. എന്നാൽ നേരത്തെ തന്നെ പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button