കൊല്ലം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാകുകയാണ്. ഓരോ രാഷ്ട്രീയ പാർട്ടികളും വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അടിയന്തര ചർച്ചയിലാണ്. കൊല്ലം ജില്ലയില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക തയ്യാറായി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും എം മുകേഷും സ്ഥാനാര്‍ഥികളാവും. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെയും എം മുകേഷിനെതിരെയും രൂക്ഷവിമര്‍ശനവും ഉയര്‍ന്നു.
ആഴക്കടൽ വിവാദമാണ് മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായത്. വലിയ അനുഭവസമ്പത്തുള്ള മേഴ്‌സിക്കുട്ടിയമ്മ വിവാദങ്ങള്‍ക്ക് കാരണമായ സംഭവത്തില്‍ ജാഗ്രത കാണിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എംഎല്‍എ മുകേഷിനെ കൊണ്ട് പാര്‍ട്ടി ഗുണമുണ്ടായില്ലെന്നും പികെ ഗുരുദാസനും .എ വരദരാജനും വിമർശിച്ചു.
എന്നാല്‍ മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാന്‍ യോഗം നിര്‍ദേശിച്ചു. കുണ്ടറയില്‍ ഏറ്റവും ജയസാധ്യത മേഴ്‌സിക്കുട്ടിയമ്മയ്ക്കാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മേഴ്‌സിക്കുട്ടിയമ്മ അല്ലെങ്കില്‍ ഏരിയാ സെക്രട്ടറി സജികുമാര്‍ കുണ്ടറയില്‍ സ്ഥാനാര്‍ഥിയാകും. കൊട്ടാരക്കരയില്‍ കെഎന്‍ ബാലഗോപാല്‍, ഐഷാ പോറ്റി, ഇരവിപുരം എം നൗഷാദ്, ചവറ സുജിത് വിജയന്‍പിള്ള എന്നിവര്‍ സ്ഥാനാര്‍ഥികളാവുമെന്നും സൂചന.
Post Your Comments