കോഴിക്കോട്: കോഴിക്കോട് നിന്ന് 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ട്രെയിനില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത 36 ലക്ഷം രൂപ റെയില്‍വേ സംരക്ഷണ സേനയാണ് പിടികൂടിയത്. മംഗലാപുരം ചെന്നൈ എക്‌സ്പ്രസില്‍ നിന്നാണ് 500, 2000 രൂപയുടെ കറന്‍സികള്‍ പിടികൂടിയത്. എസ് 8 കോച്ചില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി ബബൂത്ത് സിങിനെ കസ്റ്റ്ഡിയിലെടുത്തു. പേപ്പറില്‍ പൊതിഞ്ഞ് കറുത്ത ബാഗിലായാണ് പണം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് പണം കൊണ്ടുവന്നതെന്നും പാളയം ബസ് സ്റ്റാന്റിലെത്തി ഒരാള്‍ ബാഗ് കൈപ്പറ്റുമെന്നാണ് തന്നെ അറിയിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Read Also: ആരാധനാലയങ്ങൾക്ക് പകരം വീടുകള്‍ ശ്രീകോവിലാക്കി അമ്മമാര്‍
പണം തന്നയാളെക്കുറിച്ചോ സ്വീകരിക്കാനെത്തുന്ന ആളെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാള്‍ ആര്‍പിഎഫിനോട് പറഞ്ഞിട്ടുള്ളത്. ഇത്രയും പണം എത്തിക്കുന്നതിനു 3000 രൂപയാണ് കൂലിയെന്നും ഇദ്ദേഹം പറയുന്നു. ഇതിനു മുമ്ബും ഇത്തരത്തില്‍ ട്രെയിന്‍ വഴി പണം കടത്തിയിട്ടുണ്ടെന്ന് ബൂത്ത് സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് കൈമാറി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ചെന്നൈ സ്വദേശിനി രമണിയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരവും കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.
Post Your Comments