കൊച്ചി : വിജയയാത്ര പ്രയാണം പുരോഗമിക്കുന്തോറും പാര്‍ട്ടിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്കും വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തൃപ്പുണിത്തുറയില്‍ നടന്ന ജാഥ സ്വീകരണത്തില്‍ ഹൈക്കോടതി റിട്ട. ജഡ്ജി പി.എന്‍.രവീന്ദ്രനും മുന്‍ ഡിജിപി വേണുഗോപാലന്‍ നായരും ഉള്‍പ്പെടെ നിരവധി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇന്നലെ മാത്രം 50 ഓളം പ്രമുഖര്‍ ബിജെപിയിലെത്തി.
റിട്ട. ജഡ്ജി പി.എന്‍. രവീന്ദ്രന്‍ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍ എന്നിവരെ കൂടാതെ വി. ചിദംബരേഷ്, റിട്ട. അഡ്‌മിറല്‍ ബി.ആര്‍. മേനോന്‍, ബി.പി.സി.എല്‍ റിട്ട. ജനറല്‍ മാനേജര്‍മാരായ സോമചൂഢന്‍, എം. ഗോപിനാഥന്‍, റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ദൂരദര്‍ശന്‍ ) കെ.എ. മുരളീധരന്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. രവികുമാര്‍, പബ്ലിക്ക് പോളിസി വിദഗ്ദ്ധ വിനീത ഹരിഹരന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്ബ്) ജില്ലാ ജനറല്‍ സെക്രട്ടറി സജോള്‍ പി.കെ, ഡി.സി.സി അംഗം ഷിജി റോയ്, അനില്‍ മാധവന്‍, റാണി.കെ (ജനകീയ മുന്നേറ്റം), തിരക്കഥാകൃത്തും ഗാനരചയിതാവുമായ വിനോദ് ചന്ദ്രന്‍, ഡോ. ഹറൂണ്‍ (ന്യൂറോ സര്‍ജറി ഹെഡ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍), അഡ്‌മിറല്‍ ബി.ആര്‍.മേനോന്‍, മുന്‍ ഡപ്യൂട്ടി ജിഎം കെ.രവികുമാര്‍, ഡോ.പ്രസന്നകുമാര്‍, തോമസ് പി. ജോസഫ്, കെ.എ.മുരളി, ഷിജി റോയി തുടങ്ങി അമ്പതോളം പേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു.
അതേസമയം എന്‍ ഡി എയില്‍ സീറ്റ് വിഭജന ചര്‍ച്ച മറ്റന്നാള്‍ തുടങ്ങും. പി സി ജോര്‍ജിന്റെ ജനപക്ഷം സെക്യുലര്‍ എത്തുന്നത് കൂടി കണക്കാക്കിയാവും എന്‍ ഡി എയിലെ സീറ്റ് വീതം വയ്പ്പ്. രണ്ട് സീറ്റുകളാണ് ജനപക്ഷത്തിന് നല്‍കാന്‍ സാദ്ധ്യത. ബി ഡി ജെ എസ് അടക്കമുളള കക്ഷികളുമായാണ് ബി ജെ പി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ തവണ 36 സീറ്റിലാണ് ബി ഡി ജെ എസ് മത്സരിച്ചത്. വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്ന് ബി ഡി ജെ എസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബി ജെ പി, ബി ഡി ജെ എസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കുമെന്നാണ് വിവരം.
ബി ജെ പി മണ്ഡലം, ജില്ലാ തല സാദ്ധ്യതാ പട്ടിക അടുത്ത വ്യാഴാഴ്‌ചയ്‌ക്കകം നല്‍കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. വിജയ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കരുതുന്ന പതിനഞ്ച് എ പ്ലസ് മണ്ഡലങ്ങളുടെയെങ്കിലും കാര്യത്തില്‍ കൂടുതല്‍ ധാരണയുണ്ടാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. വിജയായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ഏഴാം തീയതി കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം അമിത്ഷായുടെ സാന്നിദ്ധ്യത്തില്‍ നടത്താനാണ് പാര്‍ട്ടി തീരുമാനം.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മണ്ഡലങ്ങളില്‍ നിന്നുളള നിര്‍ദേശം നാലിനകം കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി കെ കൃഷ്‌ണദാസ്, സി കെ പദ്മനാഭന്‍, എ എന്‍ രാധാകൃഷ്‌ണന്‍, ജില്ലകളിലെ പ്രഭാരിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിക്കും. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കേന്ദ്രഘടകത്തിനും കൈമാറും. നേമത്ത് മാത്രം ഒതുങ്ങുന്നതല്ല ബിജെപിയുടെ പ്രതീക്ഷകള്‍. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക അമിത്ഷായാകും. നാല്‍പതു മണ്ഡലങ്ങളില്‍ എങ്കിലും വിജയപ്രതീക്ഷ വെക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
Post Your Comments