COVID 19CinemaLatest NewsNewsBollywoodEntertainment

“ഞാൻ മിശിഹായല്ല”, കോവിഡ് ലോക് ഡൗൺ കാലത്തെ പ്രവർത്തനങ്ങളെപ്പറ്റി വില്ലനിൽ നിന്നും നായകനായ സോനു സൂദ് പറയുന്നു

കോവിഡ് ലോക് ഡൌൺ പ്രതിസന്ധി കാലത്താണ്, വെള്ളിത്തിരയിലെ വില്ലൻ യഥാർത്ഥ ജീവിതത്തിലെ നായകനായത്. നടൻ സോനു സൂദിന് മുംബൈയിലെ ജനങ്ങളുടെ മനസ്സിൽ ഇപ്പോൾ രക്ഷകനായ മിശിഹായുടെ സ്ഥാനമാണ്. ലോക് ഡൗൺ കാലത്ത് സോനുവിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് മടങ്ങിയത് പതിനായിരങ്ങളാണ്.

ലോക് ഡൗണിൽ നഗര ജീവിതം നിശ്ചലമായപ്പോൾ പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്കാണ് കിടപ്പാടം നഷ്ടമായത്. അനുമതി പത്രങ്ങൾ ഇല്ലാതെ തെരുവിൽ ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. വിശപ്പടക്കാൻ ഉള്ള മാർഗങ്ങൾ പോലുമില്ല. മരിച്ചു വീഴുന്നത് സ്വന്തം നാട്ടിലാകാം എന്ന് കരുതി കാൽനടയായി പലായനം ചെയ്യുന്ന അവസ്ഥ.

ലോക് ഡൗൺ കാലത്ത് ഒരു കാർ യാത്രയിൽ ഒരമ്മ കരഞ്ഞുകൊണ്ട് തന്റെ വാഹനത്തിന് പിന്നാലെ ഓടിയെന്നും, അവർക്കൊപ്പം ചെന്നപ്പോൾ വഴിയോരത്ത് കുഞ്ഞുങ്ങളെ കിടത്തി ഉറക്കുന്നത് കണ്ടെന്നും അവർക്ക് കഴിക്കാൻ ഭക്ഷണം പോലും ഇല്ലായിരുന്നു എന്നും താരം പറയുന്നു. നഗരം ദുരിതത്തിലേക്ക് നടക്കുന്ന ഈ കാഴ്ച കണ്ടു താൻ ഞെട്ടിയെന്നും, ആ തിരിച്ചറിവിലാണ് തെരുവിലെ ജീവിതങ്ങൾക്ക് ഭക്ഷണം നൽകുന്ന ദൗത്യം ആരംഭിച്ചതെന്നും താരം പറയുന്നു.

ഭക്ഷണം നൽകുന്നത് വ്യാപകമായപ്പോഴാണ് ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായതും സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും കണ്ടത്. ദിവസത്തിൽ പതിനെട്ട് മണിക്കൂറോളം തെരുവിൽ നിന്ന് അവർക്ക് വേണ്ട രേഖകളും, ഭക്ഷണവും മറ്റും തയ്യാറാക്കി യാത്രയയച്ചു. കശ്മീർ മുതൽ കന്യാകുമാരി വരെ ഒരുലക്ഷത്തിഎഴുപത്തിയയ്യായിരം പേരെയാണ് ബസിലും ട്രെയിനിലുമായി അവരവരുടെ വീടുകളിൽ എത്തിച്ചതെന്നും സോനു പറയുന്നു. നാട്ടിലെത്തിച്ചതിന് ശേഷവും ഇവരിൽ പലർക്കും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ട്.

നിരവധി രാഷ്ട്രീയ പാർട്ടികൾ സമീപിച്ചു എങ്കിലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും, ജനങ്ങളുടെ ഹൃദയത്തിൽ ഇടം മതിയെന്നുമാണ് നടൻ പറയുന്നത്. കോവിഡ് വന്നതോടെ എല്ലാവരും വീടിന് പുറത്തിറങ്ങാൻ മടിച്ചു എന്നും എന്നാൽ ഈ ദൗത്യത്തിലേക്ക് ഇറങ്ങിയപ്പോൾ ഒരു ഭയവും തന്നെ വേട്ടയാടിയില്ലെന്നും സോനു കൂട്ടിച്ചേർത്തു. രാജ്യം മുഴുവനായും 4400 ഡോക്ടർമാരുടെ സംഘം രൂപീകരിച്ച് സാധാരണക്കാർക്ക് വേണ്ട ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു കൊടുക്കുന്നു. അതിന് വേണ്ട ചിലവുകൾ താൻ വഹിക്കുമെന്നും താരം പറഞ്ഞു.

ഇതിനൊക്കെയായി മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിലായുള്ള തന്റെ വസ്തു വകകൾ മുഴുവൻ പണയപ്പെടുത്തിയതായും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോനു പറഞ്ഞു. കോവിഡ് കാലത്ത്‌ ചെയ്ത പ്രവർത്തനങ്ങൾ, വരുംതലമുറ വായിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ‘ഞാൻ മിശിഹയല്ല’ എന്ന പുസ്തകം രചിച്ചതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button