Latest NewsKeralaNewsEntertainment

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം

ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. 1960 ലെ കേരള ഗെയിമിങ് ആക്ട് സെക്ഷന്‍ 14 എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പെടുത്തി ഭേദഗതി വരുത്തിയത്. ഓണ്‍ലൈന്‍ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു  രണ്ടാഴ്ചമുന്‍പ് തന്നെ സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

റമ്മി ഉള്‍പ്പെടെ പണംവച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയില്‍ ഉള്‍പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. 1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകനായ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം.

നേരത്തെ ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ടലുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും, അത് മൂലം ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയെത്തിയത്. അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി നിയമപരിധിയില്‍ ഉള്‍പെട്ടിരുന്നില്ല. നിയമത്തിലെ ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.

ചില സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകള്‍ക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ ഗെയിമിങ് ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ കമ്പനികള്‍ക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു. എന്നാല്‍, ഗെയിമിങ് കമ്പനികളുടെ സെര്‍വര്‍ ഇന്ത്യയിലല്ലാത്തതിനാല്‍ നിയമനടപടികള്‍ക്കു പരിമിതിയുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് മൂലം ലോക്‌ഡൗൺ ആയ സമയത്താണ് ഇത്തരം ആപ്പുകളുടെ ഉപയോഗം കൂടിയത്. സോഷ്യൽ മീഡിയ വഴി ആകര്‍ഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികള്‍ നല്‍കുന്നത്. ഗെയിമിന് റിവ്യൂ എഴുതുന്നവര്‍ ധാരാളം പണം ലഭിച്ചതായി അവകാശപ്പെടും. കളി തുടങ്ങുമ്പോള്‍ ചെറിയ തുകകള്‍ ലഭിക്കുകയും ചെയ്യും. വലിയ തുകകള്‍ക്കു കളിക്കുന്നതോടെ പണം നഷ്ടമായി തുടങ്ങും. ഇതിനോടകം ഗെയിമില്‍ ആകൃഷ്ടരായവരോട് മണി ലെന്‍ഡിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കളിക്കാന്‍ ആവശ്യപ്പെടും. ഇത്തരം അപ്പുകളിൽ പലിശ 25 ശതമാനത്തിനു മുകളിലാണ്.

ആപ്പുകളില്‍ റജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണിലുള്ള മുഴുവന്‍ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെര്‍വറിലേക്കു പോകും. പേര്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് വിവരങ്ങള്‍, ക്യാമറ, സോഷ്യൽ മീഡിയകൾ എന്നിവ ആക്‌സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നല്‍കിയാലേ മണി ലെന്‍ഡിങ് ആപ്പുകളും ഗെയിമിങ് ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button