തിരുവനന്തപുരം; യുഡിഎഫ് ജാഥ സമാപനത്തിലെ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേതു പോലെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിയ്‌ക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണെന്നും സിപിഎം ആരോപിച്ചു.
അതേസമയം രാഹുൽ ഗാന്ധിയുടേത് ഇരട്ടത്താപ്പാണെന്ന് എംഎ ബേബി പറഞ്ഞു. രാഹുൽ ഗുജറാത്തിൽ പ്രചാരണത്തിന് ചെല്ലുമ്പോൾ താൻ പൂണൂൽ ധരിച്ച ഹിന്ദു ആണെന്നാണ് അവകാശപ്പെടുന്നതെന്ന് എംഎ ബേബി ചൂണ്ടിക്കാണിച്ചു. കള്ളക്കടത്ത് കേസ് സംബന്ധിച്ചും, തൊഴില്‍ പ്രശ്‌നം സംബന്ധിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സിനെ സംബന്ധിച്ചായിരിക്കും.
ഭരണ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി സമ്പാദിച്ചു കൂട്ടിയ സ്വത്തിന്റെ പേരില്‍ നിരന്തരം അന്വേഷണ ഏജന്‍സികളുടെ മുമ്പില്‍ നില്‍ക്കുന്ന വധേരയുടെ ചിത്രവും രാഹുല്‍ ഗാന്ധിയുടെ ഓര്‍മ്മയിലുണ്ടായിരിക്കും. ഇടതുപക്ഷത്തെ വേട്ടയാടുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വേഗത പോരെന്ന വിമര്‍ശനമാണ് രാഹുല്‍ഗാന്ധിക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യമെടുത്ത് നില്‍ക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
ഇതേ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ശക്തമായ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ മലക്കം മറിച്ചില്‍ ബിജെപിയുമായ രഹസ്യധാരണയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സിപിഎം വൃത്തങ്ങൾ പറയുന്നു.
Post Your Comments