കോഴിക്കോട് : നാട്ടിലെത്തുന്ന പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ചെറിയ ശബളത്തിന് ജോലി ചെയ്യുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത തുകയാണ് മൂന്നു ടെസ്റ്റുകളുടെ പേരില്‍ ചെലവഴിക്കേണ്ടി വരുന്നത്. കോവിഡ് ഇല്ലെന്ന് പരിശോധന നടത്തി വരുന്നവരെ പിടിച്ചു പറിക്കാനാണ് കേന്ദ്ര നിര്‍ദ്ദേശത്തിന്റെ മറവിലുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് വെച്ച് 72 മണിക്കൂറിനകം സ്വന്തം ചെലവില്‍ പണം മുടക്കി കോവിഡ് പരിശോധന കഴിഞ്ഞ് നാട്ടിലെത്തുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ വെച്ച് കോവിഡ് പരിശോധനയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. 1700 രൂപയാണ് ഇതിന്റെ പേരില്‍ ഇവിടെ ഈടാക്കുന്നത്. കോയമ്പത്തൂരും മധുരയും പൂനെയുമെല്ലാം വന്നിറങ്ങുന്നവര്‍ക്ക് ഒരു ചില്ലിക്കാശിന്റെ ചെലവില്ലാതെ ടെസ്റ്റ് നടത്താനാവും. ജെയ്പൂരില്‍ 500 രൂപയും ഡല്‍ഹിയില്‍ 800ഉം മുംബൈയില്‍ 850ഉം രൂപയാണ് പരിശോധനയ്ക്ക് ഈടാക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും 1700 രൂപയാണ് ഈടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആധുനിക കേരളം കെട്ടിപ്പടുത്തതില്‍ നിര്‍ണ്ണായക പങ്കുള്ള പ്രവാസി സമൂഹത്തോട് അനീതി അവസാനിപ്പിക്കണം. കോവിഡ് പരിശോധന തീര്‍ത്തും സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 72 മണിക്കൂറിനുള്ളില്‍ പരിശോധന കഴിഞ്ഞ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് ക്വാറന്റൈനിന് ശേഷം ആവശ്യമെങ്കില്‍ മാത്രം കോവിഡ് ടെസ്റ്റ് നടത്തുന്നതാണ് ഉചിതം. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിയുടെ നട്ടെല്ലായ പ്രവാസികളോട് ഈ പ്രതിസന്ധി ഘട്ടത്തില്‍ പോലും നീതി ചെയ്യാത്തത് പൊറുക്കാനാവാത്ത പാതകമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments